
ചെന്നൈ: തമിഴ്നാട്ടിൽ തർക്കം രൂക്ഷമായിരിക്കെ എൻഡിഎ യോഗത്തിലേക്ക് എഐഎഡിഎംകെയ്ക്കും ക്ഷണം. ഈ മാസം 18ലെ യോഗത്തിലേക്കാണ് പളനിസ്വാമിയെയും ക്ഷണിച്ചിരിക്കുന്നത്. ബിജെപി തമിഴ്നാട് ഘടകവുമായി ഭിന്നത രൂക്ഷമായതിനിടെയാണ് ക്ഷണം. സഖ്യത്തിൽ തീരുമാനം പിന്നീട് പറയാമെന്ന് പളനിസ്വാമി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതിനിടെയാണ് എൻഡിഎയുടെ നീക്കം. തമിഴ്നാട്ടിൽ ഏറെ കാലമായി സഖ്യത്തിൽ തർക്കം നീണ്ടുനിന്നിരുന്നു.
പ്രതിപക്ഷ യോഗം ചേരുന്ന അതേ ദിവസം തന്നെയാണ് എൻഡിഎ യോഗം വിളിച്ചിരിക്കുന്നതും. എൻഡിഎയിലേക്ക് കൂടുതൽ കക്ഷികളെ ചേർക്കാനുള്ള തീരുമാനമാണ്. ഇതിന്റെ ഭാഗമായാണ് അണ്ണാ ഡിഎംകെയെ വിളിച്ചിരിക്കുന്നത്. എടപ്പാടി പളനിസ്വാമിയെ യോഗത്തിലേക്ക് വിളിച്ചതിനാൽ അവരെ അംഗീകരിക്കുന്ന നിലപാടാണ് എൻഡിഎ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തമിഴ്നാട്ടിൽ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പളനിസ്വാമിക്കെതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും യോഗത്തിലേക്കുള്ള ക്ഷണം ഉണ്ടായത് ബിജെപി കേന്ദ്ര നേതൃത്വം ഈ തർക്കത്തെ കാര്യമായി കാണുന്നില്ലെന്നതിന്റെ തെളിവാണ്.
ജയലളിതയെ പോലും ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നീങ്ങുമ്പോഴും, അണ്ണാ ഡിഎംകെ പാളയത്തിന് പുറത്തു കടക്കാൻ കേന്ദ്ര നേതൃത്വം തൽക്കാലം തായ്‌യാറാല്ലെന്ന പ്രഖ്യാപനംകൂടിയാണ് എടപ്പാടിക്കുള്ള ക്ഷണം. ചെന്നൈ സന്ദർശനത്തിൽ എടപ്പാടിക്ക് മുഖം കൊടുക്കാതിരുന്ന അമിത് ഷായുടെ നിലപാടിൽനിന്നുള്ള പിന്നോട്ട് പോക്കെന്നും ഇതിനെ കരുതാം. ഏക സിവിൽകോഡിനോടുള്ള എതിർപ്പ് ആവർത്തിക്കുന്ന എടപ്പാടി സഖ്യത്തിന്റെ ഭാവി പിന്നീട് തീരുമാനിക്കുമെന്നാണ് കഴിഞ്ഞയാഴ്ച്ച പറഞ്ഞത്. തമിഴ് നാട് പിടിക്കാൻ വലിയ പദ്ധതികൾ ഇടുമ്പോളും സംസ്ഥാനത്ത് ഒറ്റയ്ക്കു നിൽക്കാറായിട്ടില്ലെന്ന ബിജെപിയുടെ തിരിച്ചറിവ് കൂടിയാണ് എടപ്പാടിക്കുള്ള ക്ഷണം. പ്രതിപക്ഷ യോഗവും 18ന് തന്നെ ചേരുന്ന സാഹചര്യത്തിൽ കൂടുതൽ പാർട്ടികളെ ഒപ്പം നിർത്താനും എൻഡിഎ ശക്തിപ്പെടുത്താനുമുള്ള ബിജെപി തന്ത്രവും വ്യക്തമാണ്.
തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിൽ നാല് എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ബിജെപി സ്വയം ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജയലളിതയുടെ മരണത്തെ തുടർന്ന് എഐഎഡിഎംകെയിൽ ഇപിഎസ് ഒപിഎസ്സും പക്ഷങ്ങൾ തമ്മിൽ നേതൃത്തർക്കം ഉടലെടുത്തതോടെയായിരുന്നു ബിജെപിയുടെ നീക്കം.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരിൽ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം. തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജന്മദിനത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചു, എഐഡിഎംകെ ഭാരവാഹിയെ പുറത്താക്കി
ആറുമാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. പക്ഷേ രാമേശ്വരം അടങ്ങുന്ന രാമനാഥപുരത്ത് ബിജെപിക്ക് വലിയ രീതിയിൽ വേരോട്ടമില്ല. അതുകൊണ്ട് തന്നെ മറ്റു രണ്ട് മണ്ഡലങ്ങളായ കന്യാകുമാരിയും കോയമ്പത്തൂരും പരിഗണിക്കുന്നു എന്ന് പ്രധാനപ്പെട്ട ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതാണ് മോദി തമിഴ്നാട്ടിലേക്കെന്ന അഭ്യൂഹം ശക്തമാവാൻ കാരണമായത്.
തെക്കും ഇറങ്ങുമോ മോദി?; തമിഴ്നാട്ടിൽ നിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam