
മുംബൈ: മഹാരാഷ്ട്ര (Maharashtra) ബിജെപി വക്താവ് (BJP Spoke Person) വിനായക് അംബേക്കറിനെ ആക്രമിച്ച് എന്‍സിപി (NCP) പ്രവര്‍ത്തകര്‍. എന്‍സിപി പാര്‍ട്ടി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ശരദ് പവാറിനെ വിമര്‍ശിച്ച് കമന്‍റുകള്‍ പോസ്റ്റ് ചെയ്തതിനാണ് മര്‍ദ്ദനമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനായകിനെ എന്‍സിപി പ്രവര്‍ത്തകര്‍ മുഖത്തടിക്കുന്ന വീഡിയോ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് പുറത്ത് വിട്ടത്.
കുറച്ച് പേര്‍ വിനായകുമായി തര്‍ക്കിക്കുന്നതും ഒരാള്‍ ഇതിനിടെയില്‍ മുഖത്ത് അടിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം, മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തിരുന്നു. 'പവാർ ഹിന്ദുക്കൾക്കെതിരാണെന്നും നരകം കാത്തിരിക്കുന്നുണ്ടെന്നും' സൂചിപ്പിച്ച് മറ്റൊരാൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേതകി ഷെയറ് ചെയ്യുകയായിരുന്നു. ഇതിനെതിരെ സ്വപ്നിൽ നേത്‌കെ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്.
താനെയിലെ കൽവ സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നവി മുംബൈയിൽ നിന്നാണ് നടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ കോടതി കേതകിയെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേതകിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ വിമശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
എൻസിപി പ്രവര്‍ത്തകര്‍ താരത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ നവിമുംബൈയിലെ കലംബൊലി പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് നടിയ്ക്ക് നേരെ എൻസിപി വനിതാപ്രവർത്തകർ ചീമുട്ടയും മഷിയുമെറിഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസ് കയ്യേറ്റശ്രമം തടഞ്ഞത്. നാസിക്കിൽ ഒരു ഫാർമസി വിദ്യാർഥിയെയും പവാറിനെതിരായ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിജെപിക്കൊപ്പം ഇനി പ്രാദേശിക പാർട്ടികളോടും മത്സരം: വിശാലമുന്നണി സാധ്യത ഒഴിവാക്കി കോൺഗ്രസ്
ഉദയ്പുർ: ബിജെപിക്കൊപ്പം പ്രാദേശിക പാർട്ടികളോടും മത്സരിക്കാൻ തീരുമാനിച്ചാണ് ഉദയ്പൂരിൽ കോൺഗ്രസിൻറെ ചിന്തൻ ശിബിരം (Chintan Shivir) അവസാനിച്ചത്. ദേശീയ തലത്തിൽ ചെറുപാർട്ടികളെ കൂട്ടിയുള്ള വിശാല മുന്നണിക്ക് തല്ക്കാലം ഇല്ലെന്ന സന്ദേശമാണ് കോൺഗ്രസ് നല്കുന്നത്. മൃദുഹിന്ദുത്വം ഉപേക്ഷിക്കുന്ന കാര്യത്തിൽ പാർട്ടിയിലെ ആശയക്കുഴപ്പം തുടരുകയാണ്.
സംഘടനയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കോൺഗ്രസിൻറെ ഉദയ്പൂർ പ്രഖ്യാപനം. യുവനേതാക്കൾ പാർട്ടിയുടെ നിർണ്ണായകസമിതികളിൽ വൈകാതെ എത്തിതുടങ്ങും. എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രം എന്ത് എന്നതിൽ ചിന്തൻ ശിബിരത്തിന് വ്യക്തമായ ഉത്തരമില്ല. തല്ക്കാലം ഒറ്റയ്ക്ക് പോകാം. പാർട്ടിയുടെ കരുത്ത് കൂട്ടാം. ഇതാണ് കോൺഗ്രസിലെ ധാരണ.
ബിജെപിയെ എതിർക്കാൻ ചെറിയ പാർട്ടികളോട് വിട്ടുവീഴ്ച ചെയ്യുമ്പോൾ അവർ ഉള്ള ഇടം കൊണ്ടു പോകുന്നു എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതിനാൽ തല്ക്കാലം ദേശീയതലത്തിലെ മുന്നണിയെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നില്ല. പ്രാദേശികപാർട്ടികളുടെ അത്തരം നീക്കങ്ങളോട് ചേരില്ല എന്ന സൂചനയാണ് രാഹുൽ ഗാന്ധി നല്കിയത്. അതിനർത്ഥം 2003ൽ ഷിംലയിൽ എടുത്ത നിലപാടിൽ നിന്ന് കോൺഗ്രസ് തലക്കാലം തിരിഞ്ഞു നടക്കുന്നു എന്നു തന്നെയാണ്.
ആർഎസ്എസിൻറെ വിചാരധാരയെ ശക്തമായി എതിർക്കും എന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ മൃദുഹിന്ദുത്വ നിലപാടുകൾ പൂർണ്ണമായും തള്ളുമോ എന്നതിൽ മൗനം പാലിക്കുന്നു. ഗാന്ധികുടുംബത്തിൽ തന്നെയാണ് പാർട്ടി തല്ക്കാലം കറങ്ങുന്നത്. രാഹുൽ ഗാന്ധി തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. അതിനു പുറത്തൊരാൾക്ക് അധികാരം കൈമാറും എന്ന സൂചനയൊന്നും ഉദയ്പൂർ നല്കുന്നില്ല. ജനങ്ങളുമായുള്ള ബന്ധം നഷ്ടമായെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. എന്നാൽ ഭാരതയാത്രയും സംഘടനാമാറ്റങ്ങളും മാത്രം നരേന്ദ്രമോദിയെ എതിർക്കാൻ മതിയാകുമോ എന്നറിയാൻ കാത്തിരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam