
ദില്ലി: ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനം നേരിടുന്ന കോൺഗ്രസ് എംപി ശശി തരൂരിന് ബിജെപി നേതാവിന്റെ പിന്തുണ. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്. അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്. ഇന്ത്യൻ എംപിമാർ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ അവർ പറയുന്നത്. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ട്- റിജിജു കുറിച്ചു. പനാമയിൽ തരൂരിന്റെ പ്രസംഗത്തിനെതിരെ കോൺഗ്രസിന്റെ ഉദിത് രാജ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് റിജിജു രംഗത്തെത്തിയത്.
കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ഉദിത് രാജിന്റെ വിമർശനം. പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് ശശി തരൂർ പറയുന്നു. മുൻ സർക്കാരുകൾ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദിച്ചു. സർവകക്ഷി സംഘത്തിലേക്ക് കോൺഗ്രസ് ശുപാർശ ചെയ്ത പേരുകളിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. കേന്ദ്രം നേരിട്ട് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിന് അതൃപ്തിയുണ്ടായിരുന്നു. 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റിയതിന് തിരിച്ചടി നൽകിയതാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പനാമയിൽ ശശി തരൂർ പറഞ്ഞിരുന്നു. മുംബൈയിലെ 26/11 ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ അദ്ദേഹം സൂചിപ്പിച്ചു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
അതേസമയം, കോൺഗ്രസ് വിമർശനത്തോട് ശശി തരൂർ പ്രതികരിച്ചിട്ടില്ല. തനിക്കെതിരായ കോൺഗ്രസ് നേതാവ് ഉദിത് രാജിന്റെ പ്രസ്താവനയിൽ തരൂരിന് അമർഷമുണ്ട്. പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ, തരൂരിനോട് വിശദീകരണം ചോദിക്കണമെന്നാണ് പാർട്ടിയിൽ ചില നേതാക്കളുടെ ആവശ്യം. ഈ ആവശ്യം തൽക്കാലം ആലോചനയിലില്ലെന്ന് എഐസിസി വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam