
ബെംഗലുരു: കര്‍ണാടകയിലെ ഒറ്റയാള്‍ മന്ത്രി സഭയിലേക്ക് എത്തിയ 17 പേരില്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിന് പുറത്തായ ബിജെപി നേതാക്കളും. 2012 ഫെബ്രുവരിയില്‍ നിയമസഭാ സമ്മേളനത്തിന് ഇടയില്‍ പോണ്‍ വീഡിയോ ക്ലിപ്പ് കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും യദ്യൂരപ്പയുടെ മന്ത്രിസഭയിലും ഇടം നേടി.
2012ല്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സിസി പാട്ടീല്‍. നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ ഇരുവരും രാജി വച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നത്. സി സി പാട്ടില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയാണ് എന്നാല്‍ ലക്ഷ്മണ്‍ സാവദിയുടെ സ്ഥിതി വ്യത്യസ്തമാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ തകര്‍ച്ചയിലേക്ക് നയിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതോടെയാണ് ലക്ഷ്മണ്‍ സാവദി മന്ത്രി സഭയിലേക്ക് എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോണ്‍ വീഡിയോ കണ്ടത് വിവാദമായതോടെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് പ്രസ്തുത വീഡിയോ കണ്ടതെന്നായിരുന്നു ലക്ഷ്മണ്‍ സാവദി പ്രതികരിച്ചത്. സംസ്ഥാനത്ത് നടക്കുന്ന ചില നിശാപാര്‍ട്ടികളിലെ ദൃശ്യങ്ങളായിരുന്നു കണ്ടതെന്നും, നിശാപാര്‍ട്ടികളില്‍ നടക്കുന്നതെന്താണെന്ന് അറിയുകയുമായിരുന്നു തന്‍റെ ലക്ഷ്യമെന്നുമായിരുന്നു ലക്ഷ്മണ്‍ സാവദി അന്ന് നല്‍കിയ വിശദീകരണം. മന്ത്രി സ്ഥാനം രാജി വച്ചതോടെ വടക്കന്‍ കര്‍ണാടകയിലെ ശക്തനായ നേതാവാകാന്‍ ലക്ഷ്മണ്‍ സാവദിക്ക് സാധിച്ചിരുന്നു.
ബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്‍റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍. നിരവധി ഘട്ടങ്ങളായുള്ള ചര്‍ച്ചക്കൊടുവില്‍ മന്ത്രിമാരെ സംബന്ധിച്ച പച്ചക്കൊടി യെദ്യൂരപ്പക്ക് ലഭിക്കുന്നത് തിങ്കളാഴ്ചയാണ്. ലിംഗായത്ത് സമുദായത്തിന് ഭൂരിപക്ഷം നല്‍കുന്നതാണ് പുതിയ മന്ത്രിസഭ. പതിനേഴ് മന്ത്രിമാരില്‍ 7 പേരും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണ്. ജൂലൈ 29ന് ഭൂരിപക്ഷം തെളിയിച്ച യെദ്യൂരപ്പ മന്ത്രിസഭയിലെ ആദ്യവികസനമാണ് ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam