ബംഗ്‍ലൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിസഭാവികസനത്തിനൊരുങ്ങി ബിഎസ് യെദ്യൂരപ്പ. ഇന്ന് രാവിലെ  10.30 നാണ് 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്രൻ എച്ച് നാഗേഷ്, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ അശോക, കെ ഇ ഈശ്വരപ്പ എന്നിവര്‍ മന്ത്രിമാരുടെ പട്ടികയില്‍ ഇടംപിടിച്ചു. 

വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ജൂലൈ 26 നായിരുന്നു യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജൂലൈ 29 ന് ഭൂരിപക്ഷം തെളിയിച്ചെങ്കിലും ഇതുവരെയും മന്ത്രിസഭാ വികസനം നടത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന്  യെദ്യൂരപ്പയുടെ ഒറ്റയാള്‍ ഭരണത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. 

കര്‍ണാടകയിലെ 208 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്.  16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.