"കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‍വാള്‍ അഴിമതിക്കാരന്‍, മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം': ബിജെപി എംഎല്‍എ

Published : Aug 29, 2023, 02:13 PM ISTUpdated : Aug 29, 2023, 02:44 PM IST
"കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‍വാള്‍ അഴിമതിക്കാരന്‍, മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം': ബിജെപി എംഎല്‍എ

Synopsis

അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് അര്‍ജുന്‍ റാം മേഘ്‍വാള്‍ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് കൈലാഷ് ചന്ദ്ര മേഘ്‍വാള്‍

ജയ്പൂര്‍: കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ അഴിമതിക്കാരനാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എയും രാജസ്ഥാനിലെ മുന്‍ നിയമസഭാ സ്പീക്കറുമായ കൈലാഷ് ചന്ദ്ര മേഘ്‍വാള്‍. അര്‍ജുന്‍ മേഘ്‍വാളിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്നും എംഎല്‍എ പറഞ്ഞു. ഭിൽവാരയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൈലാഷ് ചന്ദ്ര മേഘ്‍വാള്‍. 

"ഈ അർജുൻ മേഘ്‌വാൾ ഒന്നാം നമ്പർ അഴിമതിക്കാരനാണ്. അദ്ദേഹത്തിനെതിരെ അഴിമതിക്കേസുകൾ ഇന്നും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഞാൻ നരേന്ദ്ര മോദിക്ക് കത്തെഴുതും. താങ്കള്‍ നിയമമന്ത്രിയായി നിയമിച്ചയാള്‍ അഴിമതിക്കാരനാണെന്ന് ഞാന്‍ പ്രധാനമന്ത്രിയെ അറിയിക്കും. ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ലക്ഷങ്ങളുടെ അഴിമതി നടത്തിയ അദ്ദേഹം പാവപ്പെട്ടവരെയും പട്ടികജാതിക്കാരെയും പോലും വെറുതെ വിട്ടില്ല. എല്ലാവരിൽ നിന്നും പണം വാങ്ങി"- കൈലാഷ് ചന്ദ്ര മേഘ്‍വാള്‍ പറഞ്ഞു.

അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് അര്‍ജുന്‍ റാം മേഘ്‍വാള്‍ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും എംഎല്‍എ ആരോപിച്ചു. അർജുൻ മേഘ്‌വാൾ നേരത്തെ കലക്ടറായിരുന്നു. അക്കാലത്തെ അഴിമതി കേസുകൾ ഇന്നും തുടരുന്നുണ്ട്. മന്ത്രി രാജസ്ഥാനിലെ രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും കൈലാഷ് ചന്ദ്ര മേഘ്‍വാള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അർജുൻ മേഘ്‌വാളിനെ 25 അംഗ പ്രകടന പത്രികാ സമിതിയുടെ കൺവീനറായി നിയമിച്ചിരുന്നു. 69കാരനായ അദ്ദേഹം മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982ൽ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (ആർഎഎസ്) പരീക്ഷ പാസായ അദ്ദേഹത്തിന് പിന്നീട് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോലി രാജിവെച്ചു. ബിക്കാനീർ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. 

അതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും നിയമസഭാ സ്പീക്കര്‍ സി പി ജോഷിയെയും കൈലാഷ് മേഘ്‌വാൾ പ്രശംസിച്ചു- "ഞാൻ 60 വർഷമായി രാഷ്ട്രീയത്തിൽ ഉണ്ട്. ആറാം തവണയാണ്  എം‌എൽ‌എയായത്. മൂന്ന് തവണ എം‌പിയായിട്ടുണ്ട്. പക്ഷെ ഞാൻ കള്ളം പറഞ്ഞതായോ ആരെയെങ്കിലും വഞ്ചിച്ചതായോ നിങ്ങൾ ഒരിക്കലും കേൾക്കില്ല. സി പി ജോഷി കേന്ദ്രമന്ത്രിയുമായിരുന്ന കാലത്ത് കുടിവെള്ള പ്രശ്നം പരിഹരിച്ചതായി ഞാന്‍ കേട്ടു. അദ്ദേഹം റോഡുകള്‍ നിര്‍മിച്ചു. ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും, കള്ളം പറയില്ല. ഷാഹ്പുരയ്ക്കുവേണ്ടി അശോക് ഗെലോട്ട് ചെയ്ത നല്ല കാര്യങ്ങളെ ഞാൻ അഭിനന്ദിക്കേണ്ടതല്ലേ?"

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു