
ദില്ലി: സിപിഎം പിബി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി. സിപിഎം മുൻ ജനറല്‍ സെക്രട്ടറിക്കും വ്യവസായി നെവില്ലെ റോയ് സിംഗവും അടുത്തബന്ധമെന്നാണ് ആരോപണം. പാർലമെന്റിൽ ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്. ദേശ വിരുദ്ധരുമായാണ് സിപിഎമ്മിന് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂസ് ക്ലിക്ക് വെബ്സൈറ്റില്‍ അമേരിക്കന്‍ വ്യവസായി നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു.
ഇന്ന് അവിശ്വാസ പ്രമേയ ചർച്ചക്കിടെയായിരുന്നു ബിജെപി എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസാരിക്കാത്തതിൽ പരിഹസിച്ച ശേഷമാണ് നിഷികാന്ത് ദുബെ സിപിഎമ്മിന് നേരെ തിരിഞ്ഞത്. 2024 ല്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോൾ മയക്കുമരുന്ന് ലോബികളെ പിന്തുണച്ചുവെന്ന് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് സംസാരിക്കാതെ പിന്മാറിയതെന്നും രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോയെന്നും ദുബെ പരിഹസിച്ചു.
അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആദ്യം സംസാരിച്ചത് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ്. രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. രാഹുല്‍ സംസാരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റില്‍ കത്ത് നല്‍കിയിരുന്നുവെന്ന് ബിജെപി പറയുന്നു.