
ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. രണ്ട് തവണ എംപിയായ ഇദ്ദേഹത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻ്റ് അംഗത്വത്തിൽ നിന്നും രാജി വെക്കുന്നതായും അദ്ദേഹം അറിയിച്ചു. ചുരു ലോക്‌സഭാ കുടുംബത്തെ 10 വർഷം സേവിക്കാൻ അവസരം നൽകിയതിന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരോട് നന്ദി പറഞ്ഞു. എനിക്ക് എപ്പോഴും വിലപ്പെട്ട പിന്തുണയും സഹകരണവും അനുഗ്രഹവും നൽകിയ എൻ്റെ ചുരു ലോക്‌സഭാ കുടുംബത്തിന് പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഹുൽ കസ്വാനെപ്പോലുള്ളവർ ബിജെപി വിടുകയെന്ന് പറഞ്ഞാൽ, അതിനർഥം അവർ തീർന്നുവെന്നാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇത്തവണ ചുരു പാർലമെൻ്റ് സീറ്റിൽ നിന്ന് ദേവേന്ദ്ര ജജാരിയയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. 50 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് കസ്വാൻ ഇവിടെ നിന്ന് രണ്ട് തവണ വിജയിച്ചത്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡിൻ്റെ താരാനഗറിലെ തെരഞ്ഞെടുപ്പു തോൽവിയുടെ പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.
മുതിർന്ന നേതൃത്വത്തോട് റാത്തോഡ് പരാതിപ്പെട്ടതിനെ തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ടിക്കറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. ഹിസാറിൽ നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് പാർട്ടിയിൽ നിന്ന് രാജിവച്ച് അതേ ദിവസം കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കസ്വൻ്റെ രാജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam