ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ ബിജെപി: കോൺ​ഗ്രസിന് ജീവശ്വാസമായി തെരഞ്ഞെടുപ്പ് ഫലം

Published : Nov 03, 2021, 02:28 PM ISTUpdated : Nov 03, 2021, 03:04 PM IST
ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ ബിജെപി: കോൺ​ഗ്രസിന് ജീവശ്വാസമായി തെരഞ്ഞെടുപ്പ് ഫലം

Synopsis

വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ അജയ്യരാണെന്ന് വീണ്ടും തെളിയിക്കാൻ ബിജെപിക്കായെങ്കിലും ഹിമാചല്‍പ്രദേശിലേയും കർണാടകയിലേയും ഫലം ആശ്വാസം നല്‍കുന്നതല്ല.

ദില്ലി: നിയമസഭാ- ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടായ സംസ്ഥാനങ്ങളില്‍ ബിജെപി (BJP) നേതൃത്വം ഇടപെടും. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നില്‍ക്കേ ഹിമാചല്‍ പ്രദേശില്‍ (himachal pradesh) മുഖ്യമന്ത്രിയെ മാറ്റുമോയെന്ന അഭ്യൂഹം ശക്തമായി. ഫലപ്രഖ്യാപനത്തിന് പിന്നാല തൃണമൂല്‍ കോണ്‍ഗ്രസ് (TMC) പ്രതിപക്ഷ സഹകരണത്തെ കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസുമായുള്ള (Congress) സഖ്യ ചർച്ചകള്‍ക്കുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ അജയ്യരാണെന്ന് വീണ്ടും തെളിയിക്കാൻ ബിജെപിക്കായെങ്കിലും ഹിമാചല്‍പ്രദേശിലേയും കർണാടകയിലേയും ഫലം ആശ്വാസം നല്‍കുന്നതല്ല. ഉത്തരാഖണ്ഡ്, ഗുജറാത്ത് , കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ച ബിജെപി ദേശീയ നേതൃത്വം ഹിമാചല്‍ പ്രദേശില്‍ ജയറാം ഠാക്കൂറിനെ മാറ്റാൻ തയ്യാറാകുമോയെന്നതാണ് അറിയേണ്ടത്. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനാണെന്നതും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പകരക്കാരനായി മറ്റൊരാളെ എളുപ്പം നിര്‍ദേശിക്കാനില്ലാത്തതും ജയറാം ഠാക്കൂറിന് ആശ്വാകരമാണ്. എന്നാല്‍ സർക്കാരുകളെ അഞ്ച് വര്‍ഷം കൂടുമ്പോൾ  മാറി മാറി പരീക്ഷിക്കുന്ന ഹിമാചല്‍ പ്രദേശില്‍  ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം കണ്ടില്ലെന്ന് നടിക്കാന്‍ ബിജെപിക്കാകില്ല. 

സംസ്ഥാന ബിജെപിക്കുള്ളിലെ ഭിന്നത, കർഷക പ്രതിഷേധം, ഭരണവിരുദ്ധ വികാരം അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ ഹിമാചലില്‍ സർക്കാര്‍ നേരിടുന്നുണ്ട്. ജയറാം ഠാക്കൂര്‍ വൈകാതെ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകള്‍. കര്‍ണാടകയില്‍  ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം അദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണം നടത്തിയിട്ടും  ഹങ്ഗാളില്‍ തോറ്റുു . മുഖ്യമന്ത്രിയുടെ നാടാണെന്നതിന് പുറമെ ലിങ്കായത്ത് ഭൂരിപക്ഷ പ്രദേശത്താണ് തോല്‍വി ഉണ്ടായതെന്നത് പാര്‍ട്ടിയെ ഞെട്ടികുന്നതാണ്.

അതേസമയം തുടർച്ചായായ തോല്‍വിയും ആഭ്യന്തരപ്രശ്നവും തുടരുന്ന കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ് ഹിമാചലിലേയും രാജസ്ഥാനിലേയും വിജയം. ബംഗാളില്‍ വൻ വിജയം നേടിയ ശേഷം തൃ‍ണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഒബ്രിയാൻ പ്രതിപക്ഷം സഹകരണത്തെ കുറിച്ച് നടത്തിയ പരാമർശം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. ചിന്താഗതി മാറണമെന്നും പ്രതിപക്ഷ കക്ഷികള്‍ എന്ന നിലയില്‍ തുല്യ പങ്കാളികളാണെന്ന് ഓർക്കണമെന്നുമായിരുന്നു കോണ്‍ഗ്രസിനെ പരാമ‍ർശിക്കാതെയുള്ള ഡെറിക് ഒബ്രിയാന്‍റെ പ്രതികരണം. ബംഗാളില്‍ ശാന്തിപ്പൂര്‍ ഒഴികെയുള്ള ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിർത്തിയിരുന്നില്ല. പരസ്പരം വിമർ‍ശനം ഉയർത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് - ടിഎംസി സഖ്യം അട‌‌‌ഞ്ഞ അധ്യായമല്ലെന്ന സൂചനകളാണ് ഡെറിക് ഒബ്രിയാന്‍റെ പ്രതികരണത്തോടെ പുറത്ത് വരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും