
ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. ചിത്രം മാസ്റ്റേഴ്‍സിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നെയ്‍വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്‍റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ലിഗ്നൈറ്റ് കോർപ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം മാസ്റ്റേഴ്‍സ് സിനിമയുടെ ലൊക്കേഷനിലേക്ക് വിജയ് തിരികെ എത്തിയിരുന്നു. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് വിവരം.
നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം, 'ബിഗിൽ' സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്‍റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam