അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി, ജമ്മു കശ്മീർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ദില്ലി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വൈകുന്നേരം പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നും 6.2 തീവ്രത രേഖപ്പെടുത്തിയെന്നും അവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിൽനിന്ന് 43 കിലോമീറ്റർ തെക്കുമാറിയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നായ ഹിന്ദുകുഷ് മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ അഫ്ഗാനിസ്ഥാൻ ഭൂചലന സാധ്യതയേറിയ രാജ്യമാണെന്ന് റെഡ് ക്രോസ് പറയുന്നു. ഇന്ത്യൻ, യുറേഷ്യൻ ഭൂഫലകങ്ങൾ കൂട്ടിമുട്ടുന്നിടത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്.

Scroll to load tweet…

വെള്ളിയാഴ്ച മുതൽ പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ അഞ്ച് ഇടത്തരം ഭൂചലനങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഉത്തരേന്ത്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. 4.3 മുതൽ 5.3 വരെ തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനങ്ങളിൽ ബർഖാൻ, മൂസാഖേൽ, കോഹ്ലു, കിംഗ്രി, രഖ്നി തുടങ്ങിയ ഉൾപ്രദേശങ്ങളിൽ കുറഞ്ഞത് അഞ്ചുപേർക്ക് പരിക്കേൽക്കുകയും നിരവധി മൺവീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മേഖലയിലെ ഭൂചലനങ്ങൾക്ക് പുറമെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ രണ്ട് വൻ ഭൂകമ്പങ്ങൾ വൻനാശം വിതച്ചതിന് ദിവസങ്ങൾക്ക് ശേഷം, ശനിയാഴ്ച അരാഗ്വ തീരത്ത് റിക്ടർ സ്കെയിലിൽ 4.9 രേഖപ്പെടുത്തിയ പുതിയൊരു ഭൂചലനം കൂടി ഉണ്ടായി. വെനസ്വേലയിലെ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ സഹായം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.