
ഗുവാഹത്തി: അസം ബിജെപി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വിവാദത്തിൽ. എഐ വീഡിയോ ആണ് എക്സ് ഹാൻഡിലിൽ പങ്കുവെച്ചത്. ബിജെപിയില്ലാത്ത അസം എന്ന പേരിലാണ് മുസ്ലീങ്ങളെ മോശമായി ചിത്രകരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് അസമിൽ ബിജെപി ഇല്ലെങ്കിൽ എന്തൊക്കെ സംഭവിക്കും എന്ന തലക്കെട്ടോട് കൂടി വീഡിയോ ബിജെപി നേതാക്കൾ പങ്കുവെച്ചത്. അസമിലെ പ്രശസ്ത സ്ഥലങ്ങളിൽ മുസ്ലിം വേഷധാരികളായിട്ടുള്ള ആളുകൾ കൂടുതലായി കാണുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ചില രാഷ്ട്രീയ കക്ഷികൾ പ്രോത്സാഹിപ്പിക്കുന്നതായും അനധികൃത കുടിയേറ്റത്തെ ചില വ്യക്തികൾ പിന്താങ്ങുന്നതായും വീഡിയോയിൽ കാണിക്കുന്നു. ഇത്തരം പ്രവൃത്തികൾക്കെതിരെ നിൽക്കുന്നത് ബിജെപി മാത്രമാണ് എന്ന തരത്തിൽ സന്ദേശം നൽകുന്ന എഐ ജനറേറ്റഡ് വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തരംതാഴ്ന്ന രീതിയിലുള്ള പ്രചാരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ വീഡിയോ എന്നുള്ള വിമർശനങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
അസമിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ തരത്തിലുള്ള ആരോപണങ്ങളുമായി നേരത്തെ തന്നെ ബിജെപി നേതാക്കൾ രംഗത്തുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെ പാകിസ്ഥാനുമായി ബന്ധിപ്പിച്ചുള്ള എഐ ജനറേറ്റഡ് വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായി ഫോണിൽ സംസാരിക്കുന്ന രീതിയിലുള്ള വീഡിയോകളും പ്രചരിച്ചിച്ചിരുന്നു.