
ദില്ലി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി അഭ്യൂഹം. പൂനവാല തൻ്റെ എക്സിലെ ബയോയിൽ മാറ്റം വരുത്തിയതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ബിജെപി വക്താവ് എന്ന് രേഖപ്പെടുത്തിയിരുന്ന ബയോയിൽ നിലവിൽ ബിജെപി എന്ന് പരാമർശമില്ല. ആജീവനാന്തകാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിരിക്കുമെന്ന് ബയോയിലുണ്ട്. തൻ്റെ പുതിയ ബയോ പൂനവാല തന്നെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ മതം ഇസ്ലാമാണെന്നും സംസ്കാരം ഹിന്ദുവിൻ്റേതാണെന്നും ആശയം ഭാരതീയൻ്റേതാണെന്നും ആജീവനാന്തകാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിരിക്കുമെന്നും ഷെഹ്സാദ് പൂനവാല ബയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൂനവാല ബിജെപി വിട്ടതായി അദ്ദേഹമോ ബിജെപിയോ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഷെഹ്സാദ് പൂനവാല പാർട്ടിയിൽനിന്ന് രാജിവെച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അഭിഭാഷകനായ ഷെഹ്സാദ് പൂനവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. 2017ൽ കോൺഗ്രസിൻ്റെ സംഘടനാ തെരഞ്ഞെടുപ്പ് രീതികൾക്കെതിരെ ആഞ്ഞടിച്ച് പാർട്ടി വിടുകയായിരുന്നു. 2017 ഡിസംബറിൽ ബിജെപിയിൽ ചേർന്ന ഷെഹ്സാദ് പൂനവാല, 2021ൽ ബിജെപി ദില്ലി ഘടകത്തിൻ്റെ സോഷ്യൽ മീഡിയ ഇൻചാർജായി. പിന്നീട് പാർട്ടിയുടെ ദേശീയ വക്താവാകുകയും ചാനൽ ചർച്ചകളിലെ ബിജെപിയുടെ മുഖമായി മാറുകയും ചെയ്തു.
രാഷ്ട്രീയ നിരീക്ഷകനും കോൺഗ്രസ് അനുഭാവിയുമായ തെഹ്സീൻ പൂനവാലയുടെ ഇളയ സഹോദരനാണ് ഷെഹ്സാദ് പൂനവാല. വ്യത്യസ്ത ധ്രുവങ്ങളിലുള്ള ഇരുവരും പല ചാനൽ ചർച്ചകളിലും ഒരുമിച്ചെത്തുകയും ചൂടേറിയ വാഗ്വാദങ്ങൾ അരങ്ങേറുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam