
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്തെ 15 കോർപ്പറേഷനുകളിലും ബി ജെ പി ഭരണം നേടി. അഹമ്മദാബാദും സൂറത്തും അടക്കം പല കോർപ്പറേഷനുകളിലെയും സീറ്റുകൾ ബി ജെ പി തൂത്തുവാരി. അഹമ്മദാബാദിലെ 192 വാർഡുകളിൽ 161 എണ്ണം ബി ജെ പി നേടി. കോൺഗ്രസ് 31 വാർഡുകളിൽ ഒതുങ്ങി. ഗുജറാത്തിലെ പോർബന്തർ നഗരസഭ ബി ജെപി തൂത്തുവാരി. ആകെയുള്ള 52 സീറ്റും ബി ജെ പി സ്വന്തമാക്കി. മോർബി നഗരസഭയിലും ബി ജെ പിക്ക് സമ്പൂർണ വിജയമാണ്. 52 ൽ 52 സീറ്റും ബി ജെ പി സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു. സൂറത്തിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച വച്ച ആം ആദ്മി പാർട്ടി ഇത്തവണ നാല് സീറ്റിൽ ഒതുങ്ങി. 120 ൽ 114 വാർഡുകൾ ബി ജെ പി നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റാണ് കിട്ടിയത്. വഡോധരയിൽ 69 സീറ്റുകൾ ബി ജെ പിക്കും 6 സീറ്റുകൾ കോൺഗ്രസിനും കിട്ടി. രണ്ടു കോർപ്പറേഷനുകളിൽ എല്ലാ സീറ്റും ബി ജെ പി തൂത്തുവാരി. മുനിസിപ്പാലിറ്റികൾ ഒഴികെ ബാക്കിയെല്ലാം ബി ജെ പി വിജയിച്ചു. ആകെ 1090 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 782 ഉം വിജയിച്ച് ഗ്രാമമേഖലകളിലും ബി ജെ പി കരുത്തു കാട്ടി. അതേസമയം നർമ്മദ ജില്ല പഞ്ചായത്ത് ആം ആദ്മി പാർട്ടി നേടി. ബാക്കിയുള്ള 33 ഇടത്ത് ബി ജെ പിക്കാണ് മുൻതൂക്കം. കോൺഗ്രസിന് ജില്ല പഞ്ചായത്തൊന്നും നേടാനായില്ല. കഴിഞ്ഞ തവണത്തെക്കാൾ നേട്ടമുണ്ടാക്കിയെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. എന്നാൽ സൂറത്ത് കോർപ്പറേഷനിൽ എ എ പി സീറ്റുകൾ 27 ൽ നിന്ന് 4 ആയി ഇടിഞ്ഞത് ചൂണ്ടിക്കാട്ടി ബി ജെ പി ഇത് തള്ളി.
ഗുജറാത്തിലെ വമ്പൻ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സന്തോഷം പ്രകടമാക്കി. ജനം സദ്ഭരണണത്തിനും ക്രിയാത്മക രാഷ്ട്രീയത്തിനും വോട്ടു ചെയ്തെന്നാണ് മോദി അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി നടപ്പാക്കുന്ന വികസന നയത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam