ഒടുവിൽ ബിജെപി വെബ്സൈറ്റ് തിരിച്ചുവന്നു; ഉയിർത്തെഴുന്നേൽപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന്‍റെ പതിനാറാം നാൾ

By Web TeamFirst Published Mar 21, 2019, 10:24 PM IST
Highlights

സ്ഥാനാർത്ഥി പട്ടിക മാത്രം ഉപയോഗിച്ച് വെബ്സൈറ്റ് തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് മനസിലാകുന്നത്. ഫിർ ഏക് ബാർ മോദി സർക്കാർ എന്ന വലിയ ബാനറും അതിന് കീഴെ സ്ഥാനാർത്ഥി പട്ടികയും എന്ന നിലയിലാണ് ഇപ്പോൾ ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ്. 

ദില്ലി: ഹാക്കർമാർ തകർത്ത് www.bjp.org വെബ്സൈറ്റ് ഒടുവിൽ തിരിച്ചുവന്നു. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയുമായാണ് വെബ്സൈറ്റ് പുനരവതരിച്ചിരിക്കുന്നത്. എന്നാൽ ഈ സ്ഥാനാർത്ഥി പട്ടികയല്ലാതെ മറ്റൊന്നും പുതുക്കിയ വെബ്സൈറ്റിൽ ഇല്ല എന്നതാണ് സത്യം. 

സ്ഥാനാർത്ഥി പട്ടിക മാത്രം ഉപയോഗിച്ച് വെബ്സൈറ്റ് തട്ടിക്കൂട്ടുകയായിരുന്നു എന്നാണ് മനസിലാകുന്നത്. ഫിർ ഏക് ബാർ മോദി സർക്കാർ എന്ന വലിയ ബാനറും അതിന് കീഴെ സ്ഥാനാർത്ഥി പട്ടികയും എന്ന നിലയിലാണ് ഇപ്പോൾ ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ്. 

ഈ മാസം അഞ്ചാം തീയതിയായിരുന്നു ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.bjp.org ഹാക്കർമാർ തകർത്തത്. ഇത്തരം ആക്രമണങ്ങളിൽ സാധാരണ സംഭവിക്കുന്നത് പോലെ ഹോം പേജ് വികൃതമാക്കുക മാത്രമാണ് നടന്നത് എന്ന് കരുതിയെങ്കിലും ഇത് തെറ്റാണെന്ന് വൈകാതെ വ്യക്തമാകുകയായിരുന്നു. ഇനിയും വെബ്സൈറ്റ് പൂർണ്ണതോതിൽ തിരിച്ചു കൊണ്ടു വരാൻ ബിജെപി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആക്രമണത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുകയാണ്.

മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. ഞങ്ങൾ ഉടൻ തിരിച്ചുവരും എന്ന സന്ദേശമാണ് പിന്നീട് കാണിച്ചത്. 

ആരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങളാണ് നഷ്ടപ്പെട്ടതെന്നോ ഇനിയും വ്യക്തമായിട്ടില്ല. എന്തായാലും വെബ്സൈറ്റ് പൂർണ്ണമായി അല്ലെങ്കിലും തിരിച്ചു കൊണ്ടു വരാൻ സാധിച്ചു എന്ന ആശ്വാസത്തിലാണ് ബിജെപി ഐടി സെൽ. സുശക്തമായ ഐടി വിഭാഗമുള്ള ബിജെപിയുടെ വെബ്സൈറ്റിന് നേരിടേണ്ടി വന്ന ദുർഗതി വലിയ പരിഹാസങ്ങൾക്കാണ് വഴിവച്ചത്. ഫ്രഞ്ച് ഐടി വിദഗ്ധനും എലിയട്ട് ആൾഡേഴ്സൺ എന്ന അപരനാമധാരിയുമായ ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റ് അടക്കം ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ഒരു ഘട്ടത്തിൽ കോൺഗ്രസ് വരെ സഹായവാഗ്ദാനവുമായി ട്വിറ്ററിൽ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.

click me!