'ബിജെപി കപട ഹിന്ദുത്വ പാർട്ടി, ദാവൂദ് ഇബ്രാഹിമിനെ മന്ത്രിയാക്കാൻ പോലും മടിക്കില്ല'; ആഞ്ഞടിച്ച് ഉദ്ദവ് താക്കറെ

By Sreenath ChandranFirst Published May 15, 2022, 11:05 AM IST
Highlights

ഇപ്പോൾ ദാവൂദ് ഇബ്രാഹിമിന് പിന്നാലെയാണ് കേന്ദ്രം. എന്നാൽ ദാവൂദ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഉടനെ ഒരു മന്ത്രിയെങ്കിലും ആവും- ഉദ്ദവ് താക്കറെ പരിഹസിച്ചു

മുംബൈ: മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വൻ റാലി. ഹനുമാൻ കീർത്തന വിവാദം കത്തി നിൽക്കുന്ന സമയം. മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടണം. അങ്ങനെ പലതും മനസിൽ വച്ചാണ് ബാന്ദ്രാകുർളാ കോംപ്ലക്സ് ഗ്രൗണ്ടിലേക്കെത്തിയ ആയിരക്കണക്കിന് അണികളെ അഭിസംബോധന ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രസംഗിച്ച് തുടങ്ങിയത്. ബിജെപിയെ കപട ഹിന്ദുത്വ പാർട്ടിയെന്ന് വിശേഷിപ്പിച്ചാണ് ഉദ്ദവ് തുടങ്ങിയത്. ബിജെപിക്കൊപ്പം സഖ്യത്തിൽ നിന്ന് 25 വർഷം നശിപ്പിച്ചു. ശിവസേനക്കാരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ഹിന്ദുത്വം. ബാബറി മസ്ജിദ് പൊളിച്ചത് യഥാർഥത്തിൽ പൊളിച്ചത് ശിവസേനക്കരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

മസ്ജിദ് പൊളിക്കുമ്പോൾ താൻ അവിടെ പോയിരുന്നെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നത് . ഫഡ്‍നാവിസ് അന്നത്തെ പ്രായത്തിൽ അവിടെ പിക്നിക്കിന് പോയതാണോ എന്ന് ഉദ്ദവ് പരിഹസിച്ചു. കോൺഗ്രസിനൊപ്പം പോയത് കൊണ്ട് ശിവസേനയ്ക്ക് ഹിന്ദുത്വമുഖം നഷ്ടമായെന്ന് പ്രചരിപ്പിക്കുന്നു. എൻഡിഎ സഖ്യത്തിൽ വന്നവരെല്ലാം ഹിന്ദുത്വ പാർട്ടികളാണോ എന്ന് ഉദ്ദവ് ചോദിച്ചു. കോൺഗ്രസിനൊപ്പം സഖ്യത്തിലായതോടെ ഹിന്ദുത്വനിലപാടുകൾ ശിവസേന അടിയറവ് വച്ചെന്നാണ് എംഎൻഎസും ബിജെപിയും പ്രചരിപ്പിക്കുന്നത്. പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യാനാവശ്യപ്പെട്ട് രാജ് താക്കറെ ഉയ‍ർത്തിയ പ്രതിഷേധം യഥാർഥത്തിൽ ശിവസേനയെ ലക്ഷ്യം വച്ചായിരുന്നു. ഇതിനെല്ലാ പിന്നാലെയാണ് ഉദ്ദവ് താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ഹിന്ദുക്കളുടെ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുകയാണ് ബിജെപിയെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസവും ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. അവർക്ക് സംരക്ഷണം ഒരുക്കാൻ കഴിയാത്ത ബിജെപി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന പലർക്കും പ്രത്യേക സുരക്ഷ നൽകുകയാണ്. നവനീത് റാണ, കിരിത് സോമയ്യ എന്നിവർക്ക് സമീപകാലത്തുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സുരക്ഷ അനുവദിച്ചതാണ് ഉദ്ദവ് ഓർമിപ്പിച്ചത്. കശ്മീരി പണ്ഡിറ്റുകളെ രക്ഷിക്കാൻ ഹനുമാൻ ചാലിസ ചൊല്ലുമോ എന്നും ഉദ്ദവ് പരിഹസിച്ചു. ഇപ്പോൾ ദാവൂദ് ഇബ്രാഹിമിന് പിന്നാലെയാണ് കേന്ദ്രം. എന്നാൽ ദാവൂദ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഉടനെ ഒരു മന്ത്രിയെങ്കിലും ആവും.

വിലക്കയറ്റമടക്കം നോക്കൂ,  മോദി സർക്കാർ ഇന്ത്യയെ നരകമാക്കി. റേഷൻ തരുന്നുണ്ട് കേന്ദ്ര സർക്കാർ. പക്ഷെ അത് പാചകം ചെയ്യാനുള്ള സിലണ്ടറിന് റോക്കറ്റ് വേഗത്തിലാണ് വില കൂട്ടുന്നത്. വിലക്കയറ്റം ഇങ്ങനെ മുന്നോട്ട് പോയാൽ ശ്രീലങ്കൻ അനുഭവം മുന്നിലുണ്ടെന്ന് ഉദ്ദവ് ഓർമിപ്പിച്ചു. വാജ്പേയ് ഇന്ധന വില വർധനവിനെതിരെ കാളവണ്ടിയിൽ പാർലമെന്‍റിലേക്ക് വന്ന് പ്രതിഷേധിച്ചു. എന്നാൽ ഇന്നത്തെ ഇന്ധന വില നോക്കൂ. വാജ്‍പേയുടെ കാലത്തെ ബിജെപിയല്ല ഇന്നത്തെ ബിജെപി. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെയും മഹാരാഷ്ട്രാ മുഖ്യമന്ത്രി പ്രസംഗത്തിൽ എതിർത്തു. ആർക്കാണ് അതിവേഗ ട്രെയിനിൽ അഹമ്മദാബാദിലേക്ക് പോവേണ്ടത്? ആരാണ് ഇങ്ങനെയൊരു പദ്ധതി ആവശ്യപ്പെട്ടത്?  മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമമാണിതെന്ന് പോലും ഉദ്ദവ് പറഞ്ഞു. നിലവിൽ ഇഴഞ്ഞ് നീങ്ങുന്ന പദ്ധതിയെ മഹാരാഷ്ട്രാ സർക്കാർ ഇനി പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപനം കൂടിയായി ഇത്. 

click me!