
ദില്ലി: ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ ഉറപ്പാക്കാനുള്ള ബിജെപിയുടെ നീക്കം നടപ്പാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. മിഷൻ 360 നടപ്പാവില്ലെന്നും ബിജെപിയുടെ നീക്കങ്ങൾ വിജയിക്കില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിഎംകെയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ലോക്സഭയിൽ 360 പേരുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി ആത്മാർത്ഥമായും കഠിനമായും പരിശ്രമിക്കുന്നുണ്ട്. 360 അംഗങ്ങളുടെ പിന്തുണ ലോക്സഭയിൽ ലഭിച്ചാൽ അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി നിയമം നടപ്പാക്കാം. പക്ഷേ ഇങ്ങനെ ഒക്കെ പരിശ്രമിച്ചിട്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷം സാധ്യമാക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ഡിഎംകെയിൽ അതിശക്തമായ കോൺഗ്രസ് വിരുദ്ധമാണ് വികാരമാണ് നിലനിൽക്കുന്നത്. എന്നാൽ പ്രതിപക്ഷത്തോട് അത്തരമൊരു ശക്തമായ എതിർപ്പ് ഡിഎംകെയ്ക്ക് ഇല്ല. ഇന്ത്യ മുന്നണിയിലും യുപിഎ സഖ്യത്തിലും ഡിഎംകെ ഒരു വിശ്വസ്ത പങ്കാളിയായിരുന്നു. തമിഴ്നാട് നിമസഭാ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡിഎംകെ മുന്നണി വിടാൻ നിർബന്ധിതമാകുകയായിരുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ഡിഎംകെയെ ഏറ്റവുമധികം എതിർത്തത് ടിവികെ ആണ്. ടിവികെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാകുമ്പോൾ സ്വാഭാവികമായും ഡിഎംകെയ്ക്ക് കോൺഗ്രസിനോട് എതിർപ്പ് ഉണ്ടാകും. അതിൽ ഡിഎംകെയെ കുറ്റം പറയാനാകില്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. ഡിഎംകെ ഇന്ത്യ സഖ്യത്തിൽ പങ്കെടുക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. അതിനിടെ, പ്രതിപക്ഷത്തെ ഭിന്നതയ്ക്കിടെ കോൺഗ്രസ് വിളിച്ച ഇന്ത്യ സഖ്യ യോഗം ഇന്ന് ചേരും. അയോധ്യ, നീറ്റ് ക്രമക്കേട് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam