തമിഴ്നാട് ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സ്കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്
ചെന്നൈ: തമിഴ്നാട് ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സ്കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാളിനെ അടുത്തിടെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയിലാണ് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സാമ്പാറിൽ വിഷം കലർത്താൻ ശ്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഉപയോഗിച്ചാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്.
കുട്ടിക്ക് പുതിയ വസ്ത്രം വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകും മുൻപ് അധ്യാപകർ രുചിച്ചു നോക്കണമെന്നാണ് ചട്ടം. അധ്യാപികയ്ക്കായി മാറ്റിവച്ച പാത്രത്തിലെ സാമ്പാറിൽ ആണ് കുട്ടി വിഷം കലർത്തിയത്. ഭക്ഷണം രുചിച്ചുനോക്കിയ അധ്യാപികയ്ക്ക് സംശയം തോന്നിയതാണ് നിർണായകമായത്. കുട്ടിയുടെ കൈയിൽ മഞ്ഞനിറം കണ്ടതോടെ ചോദ്യം ചെയ്യുകയും തുടർന്ന് കുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു.


