പൈപ്പ് ബ്ലോക്കായി കക്കൂസില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Feb 1, 2020, 10:00 PM IST
Highlights

പൊട്ടിത്തെറിയെ തുടര്‍ന്ന് കക്കൂസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

മുംബൈ: പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് മുംബൈയില്‍ പൊതു കക്കൂസ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച  മുംബൈയിലെ ധാരാവിയിലാണ് സംഭവം. പരിക്കേറ്റവരെ മുംബൈയിലെ സ്വരാക്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കക്കൂസില്‍ നിന്ന് ടാങ്കിലേക്ക് പോകുന്ന പൈപ്പ് ബ്ലോക്കായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പൊതുകക്കൂസ് നിര്‍മിച്ചത്. പൊട്ടിത്തെറിച്ച പൈപ്പിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് കക്കൂസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

പൊട്ടിത്തെറിച്ച പൈപ്പിന്‍റെ ചിത്രം 

തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനമുയര്‍ന്നു. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പൈപ്പ് നേരെയാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആളുകള്‍ പരാതിപ്പെട്ടു. രാജ്യത്തെ ഏറെ ജനത്തിരക്കുള്ള ചേരി പ്രദേശമാണ് മുംബൈയിലെ ധാരാവി. സ്വന്തമായി കക്കൂസ് ഇല്ലാത്ത ആയിരങ്ങളാണ് ഇവിടെ ജീവിക്കുന്നത്. ഭൂരിപക്ഷം പേരും പൊതു കക്കൂസുകളെയാണ് ആശ്രയിക്കുന്നത്. 

click me!