
ദില്ലി: യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ വീട്ടിലെത്തിച്ചത്. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിലാണ് അബ്ദുൽ അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. മാർച്ച് 7 മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ മൂന്നാഴ്ച്ചയ്ക്ക് ശേഷം അർഫാത്തിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
അർഫാത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് മുഹമ്മദ് സലീം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം ഹൈദരാബാദിലെ വീട്ടിലെത്തിച്ചത്. ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയിൽ എത്തിയത്.
മാർച്ച് ഏഴിനാണ് അർഫാത്ത് വീട്ടുകാരുമായി അവസാനമായി ബന്ധപ്പെടുന്നത്. മകനുമായി മാർച്ച് ഏഴിന് സംസാരിച്ചിരുന്നെന്നും എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് മെസേജ് ലഭിച്ചതെന്ന് അർഫത്തിന്‍റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. മാർച്ച് 19 ന് ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഫോൺ വിളി വന്നിരുന്നു. അർഫാത്തിനെ തട്ടിക്കൊണ്ടു പോയതാണെന്നും 1,200 ഡോളർ നൽകണമെന്നും ആവശ്യപ്പെട്ടു. മകനോട് സംസാരിക്കാൻ അനുവദിക്കണമെന്ന് വിളിച്ചയാളോട് ആവശ്യപ്പെട്ടപ്പോൾ സമ്മതിച്ചില്ല, പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല- പിതാവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും കൊല്ലപ്പെട്ട നിലയിലാണ് അർഫാത്തിനെ കണ്ടത്.
അതേസമയം, ഈ വർഷം യുഎസിൽ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്. ഇതിൽ മിക്കതും വിദ്യാർഥികളാണ്. യുഎസിലെ കണക്കുകൾ പ്രകാരം 2022–23 കാലത്ത് 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 35 ശതമാനം കൂടുതലാണ്. അടുത്തിടെ ഇന്ത്യൻ വംശജയായ ഉമ സത്യസായ് ഗദ്ദെയെ അമേരിക്കയിലെ ഒഹിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ, കൊൽക്കത്തയിൽ നിന്നുള്ള ശാസ്ത്രീയ നർത്തകൻ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്‍റ് ലൂയിസിൽ വെടിയേറ്റ് മരിച്ചിരുന്നു. ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിയായ പരുചൂരി അഭിജിത്തും മാർച്ച് മാസം കൊല്ലപ്പെട്ടിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam