
ബെര്‍ലിൻ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം (LH752) ഞായറാഴ്ച യാത്ര റദ്ദാക്കി തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നു. വിമാനം തിരിച്ചിറങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) വിവരം ലഭിക്കുകയായിരുന്നു. ചില യാത്രക്കാർക്ക് ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ലുഫ്താൻസ പിന്നീട് വ്യക്തമാക്കി.
ഡ്രീംലൈനർ വിമാനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന നിരീക്ഷണങ്ങൾക്കിടയിലാണ് ഈ സംഭവം. അഹമ്മദാബാദിൽ 270-ൽ അധികം പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് ശേഷം, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം ബോയിംഗ് 787 വിമാനങ്ങളിൽ നിലവിൽ സുരക്ഷാ പരിശോധനകൾ നടന്നുവരികയാണ്.
ഇതിനിടെ, ഞായറാഴ്ച കൊൽക്കത്ത-ഹിൻഡൻ റൂട്ടിൽ സാങ്കേതിക തകരാർ കാരണം തങ്ങളുടെ വിമാനം വൈകിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊൽക്കത്ത-ഹിൻഡൻ വിമാനം സാങ്കേതിക തകരാർ കാരണം വൈകിയാണ് സർവീസ് നടത്തിയത്. യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂളിംഗോ മുഴുവൻ പണവും തിരികെ നൽകിയുള്ള ക്യാൻസലേഷനോ വാഗ്ദാനം ചെയ്തു. അസൗകര്യത്തിൽ ഖേദിക്കുന്നു എന്ന് എയർലൈൻ വക്താവ് പറഞ്ഞു.