
ന്യൂഡൽഹി: സുസ്ഥിരത നിർണായകമാണെന്നും ആരോഗ്യസംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ മികച്ചരീതിയിൽ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയുടെ സമാപനദിവസം സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ബ്രിക്‌സിന്റെ പ്രതിരോധശേഷിക്കും നവീകരണത്തിനും മുൻഗണന നൽകണം. കണക്റ്റിവിറ്റിയിൽ ബ്രിക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരസ്പര സഹകരണത്തിലൂടെ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് ഉയരുന്നു. ആരോഗ്യ സംരക്ഷണം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കണം. ലോകത്ത് സംഘർഷങ്ങളുടെ എണ്ണം നിരന്തരം വർദ്ധിക്കുന്നു. അത് സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു പ്രതിസന്ധിയും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പകർച്ചവ്യാധികൾ, കാലാവസ്ഥാ ദുരന്തങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ അതാണ് തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയും നിർണായക ധാതുക്കളും ആയുധമാക്കുന്നതിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ സാന്നിധ്യത്തിലാണ് ഇതേക്കുറിച്ച് മോദി പരാമർശിച്ചത്. ഇത്തരം നടപടികൾ രാജ്യങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.
ബ്രിക്സ് രാജ്യങ്ങളുടെ വിതരണശൃംഖലയിലെ സഹകരണം വിതരണശൃംഖലകളെ കൂടുതൽ വിശ്വസനീയവും ശക്തവുമാക്കാൻ സഹായിക്കും. പകർച്ചവ്യാധികൾ തടയുന്നതിനും അതിനെ പ്രതിരോധിക്കാനുമായി ആരംഭിച്ച ബ്രിക്സ് ഏർലി വാണിങ് സിസ്റ്റം വലിയ നേട്ടമാണ്. ബ്രിക്സ് ഇൻക്യൂബേറ്റർ നെറ്റ് വർക്ക് രാജ്യങ്ങളുടെ സ്റ്റാർട്ടുപ്പുകളെയും പരസ്പരം ബന്ധിക്കുമെന്നും ഇത്തരം പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഫണ്ടിനായി നിർദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam