മൺപാത്രം വേണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് നീരജ് അയൽവാസിയായ രാജ്‌വതിക്ക് നേരെ വെടിയുതിർത്തത്. പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
ദില്ലി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി. 48-കാരിയായ രാജ്‌വതി എന്ന സ്ത്രീക്കാണ് വെടിയേറ്റത്. അച്ഛന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് അയൽവാസിയുടെ കാലിൽ വെടിവെച്ച ശേഷം 32 കാരനായ നീരജ് എന്ന യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ലെ ജോഹ്രിപൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഗോകൽപുരി മേഖലയിൽ മൺപാത്ര ബിസിനസ്സ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ നീരജ്, മൺപാത്രം വേണമെന്ന് പറഞ്ഞ് രാജ്‌വതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവരുമായി സംസാരിച്ചുകൊണ്ടിരിക്കെ നീരജ് രാജ്‌വതിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാജ്‍വതിയുടെ വലതുകാലിലാണ് വെടിയേറ്റത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 48 കാരിയെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്‌വതിയുടെ ഭർത്താവ് നൽകിയ വിവരമനുസരിച്ച് നീരജ് 5 റൗണ്ട് വരെ വെടിയുതിർത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്ക് നേരെ വെടിവെച്ച ശേഷം നീരജ് വീടിന്റെ ഒന്നാം നിലയിലുള്ള മുറിയിൽ കയറി വാതിലടച്ചു, പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ബന്ധുക്കൾ മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ നീരജ് രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ആദ്യം രാജ്‌വതിക്ക് നേരെ വെടിയുതിർത്ത നീരജ് പിന്നീട് സ്വയം തലയിൽ വെടിവെക്കുകയായിരുന്നുവെന്നും, ഇതേത്തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
അയൽവാസിയാണെങ്കിലും നീരജുമായി തങ്ങൾക്ക് അടുത്ത പരിചയമൊന്നും ഇല്ലായിരുന്നു എന്ന് രാജ്‌വതിയുടെ ഭർത്താവ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. നീരജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജി.ടി.ബി. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും, ഭാരതീയ ന്യായ സംഹിത സെക്ഷൻ 109(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഗോകൽപുരി പൊലീസ് അറിയിച്ചു. മരിച്ചയാൾ തങ്ങളുടെ അയൽക്കാരനാണെങ്കിലും അദ്ദേഹവുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭർത്താവ് പ്രതികരിച്ചത്.


