
ദില്ലി: ഇന്ത്യ- ബ്രിട്ടൻ (Britain and India) സ്വതന്ത്ര വ്യാപാരക്കരാര്‍ ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്ന് സംയുക്ത പ്രഖ്യാപനം. വ്യാപാര, പ്രതിരോധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ മോദി -ബോറിക് ജോൺസൺ ചര്‍ച്ചയിൽ ധാരണയായി. വ്യാപാര മേഖലയിലും പ്രതിരോധ രംഗത്തും ബ്രിട്ടനുമായുള്ള സഹകരണമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
റഷ്യ- യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ ആവർത്തിച്ച നരേന്ദ്ര മോദി, അഫ്ഗാൻ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായി.
സ്വേച്ഛാധിപത്യ ശക്തികൾ ഒന്നിക്കുന്ന കാലത്ത് ഇന്ത്യയും ബ്രിട്ടണും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അഭിപ്രായപ്പെട്ടു. ഇന്ത്യ റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കേണ്ടതിലെന്ന നിലപാടാണ് ബോറിസ് ജോൺസൺ സ്വീകരിച്ചത്. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ വിപുലമായ സഹകരണം ഉറപ്പാക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.