
ദില്ലി: ദില്ലി വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച. ഇമിഗ്രേഷൻ വിഭാഗത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ ഫിറ്റ്സ് പാട്രിക് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നു. ബാങ്കോക്കിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട യാത്രക്കാരനായിരുന്നു ഇയാൾ. അനുമതിയില്ലാതെയാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്നത്. ഒക്ടോബർ 28 ന് ബാങ്കോക്കിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന് ദില്ലിയിൽ നിന്ന് ലണ്ടനിലേക്കുള്ള കണക്ഷൻ വിമാനം കിട്ടിയിരുന്നില്ല. ഇദ്ദേഹം വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ സാധിച്ചില്ല.
വിമാനത്താവളത്തിൽ ഇദ്ദേഹത്തിന് തുടരാൻ സാധിക്കുമായിരുന്നു. പക്ഷെ ഇവിടെ നിന്ന് അനുവാദമില്ലാതെ പുറത്തുകടന്ന ഇയാൾക്കായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്ന ഇയാൾക്കായി ദില്ലി പോലീസ്, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എന്നീ ഏജൻസികൾ സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.
സംഭവത്തിൽ കേസെടുത്തെന്നും വിമാനക്കമ്പനി ജീവനക്കാരെ ചോദ്യം ചെയ്തെന്നും ദില്ലി പൊലീസ് വക്താവ് പ്രതികരിച്ചു. ഫിറ്റ്സ് പാട്രികിനെ കണ്ടെത്താനായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വിമാനത്താവളം വിട്ട ഇയാൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളും ദില്ലിയിൽ ഇയാൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചു.
പാട്രിക്കിനെ തായ്‌ലൻഡ് വഴി യുകെയിലേക്ക് അയക്കാൻ ഇരുന്നതാണെന്നും വിമാനത്താവളത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാട്രിക് ആരെണെന്നും യുകെയിൽ നിന്ന് ഇയാൾ എവിടെയൊക്കെയാണ് പോയിട്ടുള്ളതെന്നും എന്തായിരുന്നു യാത്രാ ഉദ്ദേശ്യങ്ങളെന്നും അടക്കം പരിശോധിക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്.