
ദില്ലിയിൽ ദീപാവലി ആഘോഷത്തിൻ്റെ പടക്കം പൊട്ടിക്കുന്നതിനിടെ എട്ട് വയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ തെറ്റ് സമ്മതിച്ച് ബ്രിട്ടീഷ് യൂട്യൂബർ സാം പെപ്പർ. ഇദ്ദേഹം തൊടുത്ത റോക്കറ്റ് പൊട്ടിയാണ് ദില്ലിയിൽ എട്ട് വയസുകാരിയുടെ മുഖത്ത് പരിക്കേറ്റത്. കുട്ടിക്ക് പരിക്കേറ്റത് പറയാനെത്തിയ നാട്ടുകാർ, സംഭവം പെരുപ്പിച്ച് കാണിച്ചെന്ന് ആരോപിച്ച സാം പെപ്പറിന് പക്ഷെ കനത്ത തിരിച്ചടി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ ഭാഗത്ത് നിന്നുണ്ടായി. സാം പെപ്പറിനെ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ കിക്ക് ക്ലബ്ബ്, പമ്പ്.ഫൺ എന്നിവയിൽ നിന്ന് വിലക്കി.
ദില്ലിയിൽ നാട്ടുകാരായ യുവാക്കൾക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു സാം പെപ്പർ. ഇത് തത്സമയം സ്ട്രീം ചെയ്തിരുന്നു. രണ്ട് സംഘമായി തിരിഞ്ഞ് പരസ്പരം പടക്കങ്ങൾ തൊടുത്ത് പൊട്ടിക്കുന്നതിനിടെയാണ് സാം പെപ്പർ തൊടുത്ത ഒരു റോക്കറ്റ് അപകടമുണ്ടാക്കിയത്. ഇതിന് പിന്നാലെ നാട്ടുകാർ സാം പെപ്പറിന് സമീപത്ത് എത്തി കുട്ടിക്ക് പരിക്കേറ്റതായി പറയുന്നു. ആദ്യം കുറ്റം ഏൽക്കാൻ തയ്യാറാകാതിരുന്ന സാം, പിന്നീട് നാട്ടുകാർ സ്വരം കടുപ്പിച്ചതോടെ പരിശോധിക്കാം എന്ന നിലയിലേക്ക് മാറി.
പെൺകുട്ടിയുടെ ചികിത്സാ ചെലവുകൾ താനും തന്റെ സംഘവും വഹിച്ചുവെന്നും കുട്ടിക്ക് സാരമായ പരിക്കില്ലെന്നുമാണ് സാം ഇപ്പോൾ പ്രതികരിക്കുന്നത്. താൻ ചെയ്തത് വലിയ മണ്ടത്തരമായെന്ന് തോന്നുന്നു. പുരികത്തിന് തുന്നലിട്ട കുട്ടിയെ വീട്ടിലേക്ക് മാറ്റിയെന്നും സാം അവകാശപ്പെട്ടു.