വായു മലിനീകരണത്തിന് പിന്നാലെ ആശങ്കയായി യമുനയിലെ വിഷപ്പത; രാസവസ്തു തളിച്ച് പത നശിപ്പിക്കാൻ ശ്രമം

Published : Oct 23, 2025, 04:59 AM IST
Yamuna river toxic foam Delhi

Synopsis

ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത നശിപ്പിക്കാൻ പ്രത്യേക ദൗത്യം തുടങ്ങിയിരിക്കുകയാണ് ദില്ലി സർക്കാർ. എന്നാൽ താത്കാലിക നടപടി കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് നാട്ടുകാർ.

ദില്ലി: വായു മലിനീകരണത്തിന് പിന്നാലെ ആശങ്കയായി ദില്ലിയിൽ യമുന നദിയിൽ വിഷപ്പതയും ഉയരുന്നു. ഛഠ് പൂജ നടക്കാനിരിക്കെ രാസവസ്തു തളിച്ച് പത നശിപ്പിക്കാൻ പ്രത്യേക ദൗത്യം തുടങ്ങിയിരിക്കുകയാണ് ദില്ലി സർക്കാർ. എന്നാൽ താത്കാലിക നടപടി കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് നാട്ടുകാർ പറയുന്നു.

വായുമലിനീകരണം കഴിഞ്ഞാൽ ശൈത്യകാലത്ത് ദില്ലി സർക്കാറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് യമുന നദിയിലെ വിഷപ്പത. ഇത്തവണ പ്രതിസന്ധി മറികടക്കാൻ സകല അടവുകളും പയറ്റുകയാണ് ബിജെപി സർക്കാർ. തലങ്ങും വിലങ്ങും കുതിച്ചു പായുകയാണ് ബോട്ടുകൾ. മീൻ പിടിക്കാനല്ല. വിഷപ്പത നശിപ്പിക്കാൻ. ഛഠ് പൂജയ്ക്ക് ഭക്തർ മുങ്ങാൻ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാൻ ബോട്ടുകൾ ദില്ലി സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്. ഫ്രോത്ത് സപ്പ്രെഷൻ ഡ്രൈവ് എന്നാണ് ദൗത്യത്തിന് പേര്.

ബിജെപി - എഎപി പോര്

പ്രത്യേക രാസവസ്തുക്കൾ തളിച്ചാണ് പത നശിപ്പിക്കുന്നത്. എന്നാൽ നദിയിൽ കുളിക്കുന്നർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്. എന്തായാലും നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി യമുന ശുചീകരണം അഭിമാന പദ്ധതിയായി ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ വെള്ളം ശുദ്ധമാണെങ്കിൽ മുഖ്യമന്ത്രി യമുനയിലെ ഒരു ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ആം ആദ്മി പാർട്ടിയുടെ വെല്ലുവിളി. രാഷ്ട്രീയ പോര് മുറുകുമ്പോഴും മലിനീകരണതോത് കുറയാത്തതിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ. യമുന ദില്ലിയിലെത്തും മുമ്പേ വ്യവസായ മാലിന്യങ്ങൾ നദിയിലേക്ക് തള്ളുന്നത് തടയാതെ വിഷപ്പത ഇല്ലാതാകില്ലെന്ന് നദിക്കരയിൽ താമസിക്കുന്നവർ പറയുന്നു. രണ്ട് ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷങ്ങളിൽ ദില്ലി യമുനാ തീരത്ത് ഛഠ് പൂജയിൽ പങ്കെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി