
ദില്ലി: മൂത്ത മകനെ തെരുവുനായ കടിച്ചു കൊന്നതിന്റെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ രണ്ടാമത്തെ കുഞ്ഞിനേയും തെരുവുനായ കടിച്ചു കൊന്നു. സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചിലാണ് മൂന്നു ദിവങ്ങൾക്കുള്ളിൽ സഹോദരൻമാരെ തെരുവുനായ കടിച്ചുകൊന്നത്. വസന്ത് കുഞ്ചിനടുത്ത് സിന്ധി ക്യാമ്പിലാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
സിന്ധി പ്രദേശം വനഭൂമിക്കടുത്തുള്ള ചേരി പ്രദേശമാണ്. ഇവിടെയാണ് ആനന്ദും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏഴു വയസ്സുകാരനായ ആനന്ദിനെ തെരുവുനായ കടിച്ചുകൊന്നത്. ആനന്ദിന്റെ മരണത്തിന്റെ കണ്ണീർ ഉണങ്ങുന്നതിന് മുമ്പ് തന്നെ സഹോദരനും തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രണ്ടു ദിവസത്തിനപ്പുറം അഞ്ചു വയസ്സുകാരനായ ആദിത്യയേയും തെരുവുനായ ആക്രമിച്ചു. മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയപ്പോഴാണ് നായ്ക്കൾ ആക്രമിച്ചതെന്ന് ബന്ധു പറയുന്നു. തെരുവുനായ്ക്കളുടെ അതിക്രമം നിരവധിയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് അതിദാരുണമായ ഈ സംഭവം നടന്നത്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബിജെപി സൗത്ത് എംപി രമേഷ് ബിദുരി രംഗത്തെത്തി. ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്, എന്നാൽ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് എംപി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി, ആം ആദ്മി പാർട്ടി അഴിമതി, പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ടും മന്ത്രിമാരെ നിയമിക്കുന്നതിന്റെയും തിരക്കിലാണ്. തെരുവുനായ്ക്കളെ പിടിക്കേണ്ടത് മുൻസിപ്പൽ കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. എന്നാൽ എഎപി സർക്കാർ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ വിമർശനവുമായി പ്രദേശത്തെ ബിജെപി കൗൺസിലർ ഇന്ദർജിത്ത് ഷെറാവാത്ത് രംഗത്തെത്തി. തെരുവു നായ്ക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിൽ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ കരാർ പുതുക്കാത്തതിനാൽ കഴിയില്ലെന്നായിരുന്നു കോർപ്പറേഷന്റെ മറുപടിയെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam