ഭൂരിപക്ഷം തെളിയിച്ച് യെദിയൂരപ്പ; വിശ്വാസ പ്രമേയം പാസായത് ശബ്ദവോട്ടോടെ

By Web TeamFirst Published Jul 29, 2019, 12:05 PM IST
Highlights

മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ചര്‍ച്ചയൊന്നുമില്ലാതെയാണ് നിയമസഭയിൽ പാസായത്. അയോഗ്യത നടപടിക്കെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചേക്കും. 

കര്‍ണാടക: കർണാടക നിയമസഭയിൽ വിശ്വാസ വോട്ട് നേടി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച  വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎൽഎമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രൻ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. 

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുന്നത്. അപ്രതീക്ഷിതമായതൊന്നും നിയമസഭയിൽ നടന്നില്ല . ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്ഠേനയാണ് നിയമസഭ അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ബിജെപി സര്‍ക്കാരിന്‍റെ ഭാവി എന്നതും ശ്രദ്ധേയമാണ്. അതേസമയം വിശ്വാസ വോട്ട് നേടിയതോടെ ഇനി ആറ് മാസത്തേക്ക് മറ്റ് പ്രശ്നങ്ങളില്ലാതെ അധികാരത്തിൽ തുടരാൻ യെദിയൂരപ്പക്ക് കഴിയും. 

കോൺഗ്രസാകട്ടെ 99  അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.  സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവായി തുടരും. ഇക്കാര്യത്തിൽ ജെഡിഎസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. 

അതിനിടെ വിമത എംഎൽഎമാര്‍ അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കും.  സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്. .

click me!