
ജയ്പൂർ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് രാജസ്ഥാനിൽ ബിഎസ്പി നേതാക്കളെ പാർട്ടി പ്രവർത്തകർ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തിരുത്തി നടത്തി. ബിഎസ്പി നാഷണൽ കോർഡിനേറ്റർ രാംജി ഗൗതം, മുൻ ബിഎസ്പി സ്റ്റേറ്റ് ഇൻചാർജ് സീതാറാം എന്നിവരെയാണ് മുഖത്ത് കരിത്തേച്ച് ചെരുപ്പുമാലയണിയിച്ച് തെരുവിൽ നടത്തിയത്. ബാനി പാർക്കിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ചാണ് നേതാക്കളെ പ്രവർത്തകർ കഴുതപ്പുറത്തിരുത്തി നടത്തിയത്.
നേതാക്കളുടെ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ അസ്വസ്ഥരാണ്. അഞ്ച് വർഷമായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ പരിഗണിക്കാതെ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നുമൊക്കെ എത്തിയവർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ടിക്കറ്റ് നൽകിയിരിക്കുന്നത്. പണം വാങ്ങിയാണ് അവർക്ക് സീറ്റ് നൽകിയിരിക്കുന്നത്. ഇതോടെ ബിഎസ്പി പ്രവർത്തകരും നേതാക്കളും അവഗണിക്കപ്പെടുകയും ചൂഷണത്തിനിരയാകുകയും ചെയ്തിരിക്കുകയാണെന്ന് ബിഎസ്പി പ്രവർത്തകർ ആരോപിച്ചു.
ഇത്രയും ചെയ്തിട്ടും ബിഎസ്പി നേതാവ് മായാവതിക്ക് പ്രവർത്തകരുടെ സ്ഥിതിയെക്കുറിച്ച് മനസ്സിലായിട്ടില്ല. ഇതേത്തുടർന്നാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നതിലേക്ക് തിരിഞ്ഞതെന്നും പ്രവർത്തകർ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് മായാവതി അറിയിച്ചു. ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും മായാവതി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam