
ബെഗളൂരു: ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം താമസക്കാരുടെ വീടുകൾ തകർത്ത സർക്കാർ നടപടിയെ അപലപിച്ച് സിപിഎം കർണാടക സംസ്ഥാന കമ്മിറ്റി. കുടിയിറക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും തകർക്കപ്പെട്ട വീടുകൾ സർക്കാർ പുനർനിർമിച്ച് നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ 25-35 വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന ദരിദ്ര കുടുംബങ്ങളെയാണ് സർക്കാർ ഇറക്കിവിട്ടത്. മുൻകൂട്ടി നോട്ടീസ് നൽകാതെ, പുലർച്ചെ നടത്തിയ ഈ നടപടി അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
ഭവനരഹിതരായവർ ഭക്ഷണവും വെള്ളവുമില്ലാതെ തെരുവിൽ വലയുകയാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപാലകൃഷ്ണ ഹരളഹള്ളി, ബെംഗളൂരു നോർത്ത് ജില്ലാ സെക്രട്ടറി ബോർഡ് അംഗം ഹുള്ളി ഉമേഷ്, ജില്ലാ കമ്മിറ്റി അംഗം ഹനുമന്തറാവു ഹവിൽദാർ എന്നിവരടങ്ങിയ സംഘമാണ് ഇരകളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചത്. മുപ്പത് വർഷമായി താമസിക്കുന്നവരെ പെട്ടെന്ന് കുടിയിറക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ് ആരോപിച്ചു. പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം ഇടപെട്ടു. കർണാടക കോൺഗ്രസിൽ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെ.സി.വേണുഗോപാലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്.
വീടുകൾ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി. കയ്യേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടത്തിയതെന്നുമാണ് ഡി.കെ.ശിവകുമാറിന്റെ വിശദീകരണം. ഒഴിപ്പിക്കൽ നടപടി വിവാദമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ നിർമിച്ച് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ലാറ്റുകൾ അടങ്ങിയ സമുച്ചയം നിർമിച്ച് നൽകാനാണ് ആലോചന. സർവേ നടപടികൾ തുടങ്ങാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam