
ന്യൂഡൽഹി: കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി യശ്വന്ത് വർമയ്ക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി അന്വേഷണ സമിതി. ലോക്സഭ സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് മുൻ ജഡ്ജിക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി കണ്ടെത്തിയത്. വിഷയത്തിൽ ജഡ്ജി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കാനായില്ലെന്നും അന്വേഷണ സമിതി പറഞ്ഞു.
ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ തീപ്പിടിത്തമുണ്ടായതിന് പിന്നാലെയാണ് പണം കണ്ടെത്തിയത്. വീട്ടിലെ സ്റ്റോർ റൂമിലായിരുന്നു നോട്ടുകെട്ടുകളുടെ കൂമ്പാരമുണ്ടായിരുന്നത്. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ജഡ്ജിക്ക് കഴിഞ്ഞില്ല. എന്തിനാണ് പണം വീട്ടിൽ സൂക്ഷിച്ചതെന്ന ചോദ്യത്തിനും തൃപ്തികരമായ വിശദീകരണമുണ്ടായില്ല. തീപ്പിടിത്തത്തിന് പിന്നാലെ പണം സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിൽ തെളിവുകൾ സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായതായും അന്വേഷണസമിതി കണ്ടെത്തി.
തീപ്പിടിത്തത്തിന് പിന്നാലെ സ്റ്റോർ റൂം സീൽ ചെയ്തില്ല. അഗ്നിരക്ഷാസേന തീയണച്ച് മടങ്ങിയ ശേഷം സ്റ്റോർ റൂം വൃത്തിയാക്കി. പണം സ്റ്റോർ റൂമിൽനിന്ന് മാറ്റി. പിന്നീട് ഔദ്യോഗിക പരിശോധന നടന്നപ്പോൾ പണം അവിടെയുണ്ടായിരുന്നില്ല. അതിനാൽ തെളിവ് സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായി. വൃത്തിയാക്കുന്നതിനിടെ ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും വീട്ടുജോലിക്കാരന്റെയും സാന്നിധ്യം സ്റ്റോർ റൂമിൽ സ്ഥിരീകരിച്ചതായും അന്വേഷണസമിതി വ്യക്തമാക്കി. എന്നാൽ, ജഡ്ജി നേരിട്ടാണോ പണം മാറ്റിയതെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ പണം പിടിച്ചെടുക്കാനോ എണ്ണിതിട്ടപ്പെടുത്താനോ സാധിക്കാത്തതിനാൽ വീട്ടിലുണ്ടായിരുന്ന പണത്തിന്റെ മൂല്യം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സമിതി പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ജസ്റ്റിസ് യശ്വന്ത് വർമ അന്വേഷണ സമിതിക്ക് മുൻപാകെ നിഷേധിച്ചു. തന്റെ വീട്ടിൽനിന്ന് പണം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വീട്ടിൽ തീപ്പിടിത്തമുണ്ടായപ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ല. ആ സമയം വീടും പരിസരവും അഗ്നിരക്ഷാസേനയുടെയും ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലായിരുന്നു. അതിനാൽ, പണം ഉണ്ടെങ്കിൽ അതിന് പിന്നിൽ ഗൂഢാലോചനയുണ്ടാകാമെന്നും പണം ആരെങ്കിലും അവിടെ കൊണ്ടുവെച്ചതാകാമെന്നും യശ്വന്ത് വർമ വാദിച്ചു. എന്നാൽ, വാദങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ ജഡ്ജിക്ക് കഴിഞ്ഞില്ലെന്നായിരുന്നു അന്വേഷണ സമിതിയുടെ വിലയിരുത്തൽ. വീട്ടിലെ സ്റ്റോർ റൂം തന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നുവെന്ന യശ്വന്ത് വർമയുടെ വാദവും സമിതി തള്ളി.
പാർലമെന്റ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ പ്രകാരം മാത്രം ക്രിമിനൽ നടപടികളനുസരിച്ച് ജഡ്ജിയെ കുറ്റക്കാരനെന്ന് വിധിക്കാനാകില്ല. മാത്രമല്ല, വീട്ടിലുണ്ടായിരുന്ന പണം ജഡ്ജിയുടെ വ്യക്തിപരമായ സ്വത്താണെന്ന് കണ്ടെത്താനും സമിതിക്കായിട്ടില്ല. എന്നാൽ, ജഡ്ജിയെ നീക്കം ചെയ്യാനുള്ള പാർലമെന്റ് നടപടികളിൽ അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ നിർണായകമാകും.
2025 മാർച്ച് 14-നാണ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപ്പിടിത്തമുണ്ടായത്. ഇവിടെ തീയണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും മറ്റുള്ളവരുമാണ് വീട്ടിലെ സ്റ്റോർ റൂമിൽ ഒന്നരയടിയോളം നീളത്തിൽ 500 രൂപയുടെ നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ടെത്തിയത്. ഇത് പിന്നീട് വിവാദമായതോടെ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. അദ്ദേഹത്തിന്റെ ജുഡീഷ്യൽ ചുമതലകളും പിൻവലിച്ചു. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് യശ്വന്ത് വർമയെ നീക്കംചെയ്യണമെന്ന പ്രമേയം ലോക്സഭ സ്പീക്കർ അംഗീകരിച്ചത്. തുടർന്ന് 2025 സെപ്റ്റംബറിൽ സംയുക്ത അന്വേഷണ സമിതിയെയും നിയോഗിച്ചു. 2025 നവംബറിൽ അന്വേഷണ സമിതി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരേ വിവിധ കുറ്റങ്ങൾ ചുമത്തി. ഇതിനിടെ, തനിക്കെതിരായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിനെ ചോദ്യംചെയ്ത് യശ്വന്ത് വർമ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി അദ്ദേഹത്തിന്റെ ഹർജി തള്ളി. അതേസമയം, പാർലമെന്റ് സമിതിയുടെ നടപടികൾ തുടരുന്നതിനിടെ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ പദവി രാജിവെച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരായ ഇംപീച്ച്മെന്റ് നടപടികളും അപ്രസക്തമായെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam