ബെംഗളൂരുവിൽ സ്കൂട്ടർ യാത്രക്കാരൻ്റെ തോളിൽ കിടന്ന ഗിറ്റാർ ബാഗ് കണ്ട് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴ ചുമത്തി എഐ ക്യാമറ. ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ സൗവിക് ദത്തയ്ക്കാണ് 500 രൂപ പിഴയിട്ടത്.
ബെംഗളൂരു: സ്കൂട്ടർ യാത്രക്കാരൻ്റെ തോളിലുണ്ടായിരുന്ന ഗിറ്റാർ ബാഗ് കണ്ട് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴയിട്ട് എഐ ക്യാമറ. സ്കൂട്ടർ യാത്രക്കാരൻ്റെ തോളിൽ കിടന്ന ഗിറ്റാർ ബാഗ് എഐ ക്യാമറയുടെ കണ്ണിൽ പെട്ടതോടെ പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ചു ഹെൽമറ്റില്ലാത്തതിന് 500 രൂപ ആണ് പിഴ ചുമത്തിയത്. ബെംഗളൂരുവിൽ ഇക്കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് അമളി പറ്റിയത്.
ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ സൗവിക് ദത്തയ്ക്കെതിരെ ആണ് എഐ ക്യാമറ അബദ്ധത്തിൽ പിഴ ചുമത്തിയത്. പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 500 രൂപയുടെ ഇ - ചലാൻ ലഭിച്ചപ്പോഴാണ് യാത്രക്കാരൻ സംഭവമറിയുന്നത്. സ്കൂട്ടർ ഭാര്യയുടെ പേരിലായതിനാൽ ഭാര്യയ്ക്കാണ് ചലാൻ ലഭിച്ചത്. പിഴ കണ്ട് അമ്പരന്ന സൗവിക് ദത്ത, ചലാനിലെ ചിത്രം സൂക്ഷിച്ചു നോക്കിയപ്പോഴാണ് തൻ്റെ തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗ് കണ്ടാണ് എഐ ക്യാമറ പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ചതെന്ന് മനസ്സിലാക്കിയത്.
സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ ശ്രദ്ധനേടി. ബെംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തായിരുന്നു സൗവിക് ദത്തയുടെ പോസ്റ്റ്. ഉടൻതന്നെ ഇടപെട്ട ബെംഗളൂരു ട്രാഫിക് പൊലീസ് പിഴ ഒഴിവാക്കി നൽകുമെന്ന് അറിയിച്ചു. ഇതിനായി automationpubbcp@ksp.gov.in എന്ന മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ കൈമാറാൻ പൊലീസ് യാത്രക്കാരനോട് ആവശ്യപ്പെട്ടു. കൂടുതൽ സഹായങ്ങൾക്ക് 080-22943381, 080-22942883 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.


