ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ വീട് ഒഴിയണമെന്ന് നോട്ടീസ്; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Mar 28, 2023, 12:41 PM IST
Highlights

കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു

ദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ മറുപടി നല്‍കിയിട്ടുള്ളത്. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി.

കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് അയച്ചത്.

മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, രാഹുലിന്റെ സുരക്ഷ വിലയിരുത്താൻ സിആർപിഎഫ് ഉടൻ യോ​ഗം ചേരും. 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ​ഗാന്ധി താമസിക്കുന്നത് തു​ഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്. കത്തിന് മറുപടിയായായി നിർദേശം അനുസരിക്കുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ വിധിയെഴുത്തനുസരിച്ചാണ് ഈ വസതിയിൽ കഴിഞ്ഞതെന്നും സന്തോഷപൂർണമായ ഓർമ്മകളാണ് തനിക്കുള്ളതെന്നും രാഹുൽ നൽകിയ മറുപടിയിലുണ്ട്.

ലോക്സഭാ സെക്രട്ടേറിയേറ്റ് കത്ത് നൽകിയതിന് പിന്നാലെയാണ് രാഹുലിന്‍റെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ ഇന്ന് യോ​ഗം ചേരുന്നത്. നിലവിൽ സിആർപിഎഫിനാണ് രാഹുലിന്റെ സുരക്ഷാ ചുമതല. അയോ​ഗ്യനാക്കപ്പെട്ടെങ്കിലും സുരക്ഷ കുറച്ചേക്കില്ലെന്നാണ് വിവരം. പുതിയ വസതിയുടെ സാഹചര്യം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അവിടെയൊരുക്കുന്നത് യോ​ഗം വിലയിരുത്തും.  2019 ലാണ്  രാഹുലിന്റെയും സോണിയയുടെയും പ്രിയങ്കയുടെയും എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്രം സിആർപിഎഫ് സുരക്ഷയാക്കിയത്.

പിഴ 99 രൂപ! കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; 'മോദിയുടെ ചിത്രം കീറിയെറിഞ്ഞ' കേസില്‍ എംഎല്‍എയ്ക്ക് ശിക്ഷ വിധിച്ചു

click me!