
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിൽ അഞ്ച് മരണം. കടലൂരിൽ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. വീട് തകർന്ന് ദേഹത്ത് വീണായിരുന്നു മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്. പുതുക്കോട്ടെയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. കാഞ്ചീപുരത്ത് നദിയിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരിൽ 40 വയസ്സുള്ള സ്ത്രീയും മരിച്ചു. കടലൂരിൽ മരം വീണ് യുവതി മരിച്ചു.
ബുറേവി തീവ്ര ന്യൂനമർദ്ദമായതോടെ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കടലൂർ പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
കേരളത്തില്‍ ജാഗ്രത തുടരും
ബുറേവി ചുഴലിക്കാറ്റിന്‍റെ ത്രീവ്രത കുറഞ്ഞെങ്കിലും കേരളത്തില്‍ ജാഗ്രത തുടരും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ ന്യൂനമർദത്തിലെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത മാത്രമായി മാറാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം സംസ്ഥാനത്ത് തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam