
നീലഗിരി: നീലഗിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നീലഗിരിയെ നടുക്കിയ അപകടത്തിൽ ഏറ്റവും ഒടുവിലെ വിവരപ്രകാരം 8 പേർ മരിച്ചെന്നാണ് വിവരം. മൊത്തം 54 യാത്രക്കാരുണ്ടായിരുന്ന ടൂറിസ്റ്റ് ബസാണ് നീലഗിരിയിലെ കുന്നൂർ - മേട്ടുപാളയം റൂട്ടിൽ അപകടത്തിൽപ്പെട്ടത്. ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സ്ഥലത്ത് രക്ഷ പ്രവർത്തനം തുടരുകയാണ്. തെങ്കാശിയിൽ നിന്ന് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ 3 സ്ത്രീകളും ഒരു 15 വയസ്സുകാരനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ നീലഗിരി കൂന്നൂർ ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നാണ് എം കെ സ്റ്റാലിൻ വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഇന്നലെ വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെ എസ് ആർ ടി സി ബസുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ക്യാബിനിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. ബസ് യാത്രക്കാരായ ഷഹാന, ഫ്രാന്‍സിസ്, നീനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠന്‍ കമ്പളക്കാട്, ആയിഷ, ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി ബാവന്‍, കണ്ടക്ടര്‍ അരുണ്‍, വിനീത പുല്‍പ്പള്ളി എന്നിവര്‍ പരിക്കുകളോടെ കല്‍പ്പറ്റ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് അധികൃതർ അറിയിച്ചത്.
വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, 15 പേര്‍ക്ക് പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam