ക്യാബിനിൽ കുടുങ്ങിപ്പോയ ലോറി ഡ്രൈവറെ ഫയര്‍ ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്

കൽപ്പറ്റ: വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട ബസ്സാണ് ഇന്ന് രാവിലെ 6.45 ഓടെ അപകടത്തില്‍പ്പെട്ടത്.

ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ക്യാബിനിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. ബസ് യാത്രക്കാരായ ഷഹാന, ഫ്രാന്‍സിസ്, നീനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠന്‍ കമ്പളക്കാട്, ആയിഷ, ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി ബാവന്‍, കണ്ടക്ടര്‍ അരുണ്‍, വിനീത പുല്‍പ്പള്ളി എന്നിവര്‍ പരിക്കുകളോടെ കല്‍പ്പറ്റ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് അധികൃതർ അറിയിച്ചത്.

നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചു, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെയാണ് സംഭവം. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുകയായിരുന്നു സംഘം.

നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ശിഹാബ് തങ്ങൾ മിറാക്കിൾ ആംബുലൻസ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്.

തുരുമ്പെടുത്ത് നൂറ് കണക്കിന് വാഹനങ്ങള്‍; തൊണ്ടിവാഹനങ്ങൾ കുന്നുകൂടി ഡിവൈഎസ്പി ഓഫിസ്, ഗതാഗതക്കുരുക്ക്