
ഹൈദരാബാദ്: ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 12-കാരി ഫ്ലാറ്റിന്റെ 15-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച വൈകുന്നേരം നല്ലഗണ്ട്ലയിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി തെല്ലാപൂരിലെ ഒരു സ്‌കൂളിൽ പഠിക്കുകയായിരുന്നു. അപ്പാർട്ട്‌മെന്റിന്റെ 15-ാം നിലയിലെ ഫ്‌ളാറ്റിൽ ദിവസവും വൈകിട്ട് അഞ്ച് മുതൽ ആറ് വരെ കണക്ക് ട്യൂഷന് പോയിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷം ട്യൂഷന് പോകാൻ ഇഷ്ടല്ലെന്ന് അവൾ മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ നിർബന്ധിച്ചതോടെ വൈകുന്നേരം 4.50 -ഓടെ ട്യൂഷനുവേണ്ടി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി. കണക്ക് ട്യൂഷനു വേണ്ടി അടുത്ത ഫ്ലാറ്റിൽ കയറുന്നതിനുപകരം, അവൾ ഇടനാഴിയിലെ ബാൽക്കണിയുടെ ജനൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു എന്നും ചന്ദനഗർ എസ്‌ഐ നാഗേശ്വര റാവു പറഞ്ഞു. ഐടി ജീവനക്കാരനായ പിതാവ് 10 വർഷം മുമ്പാണ് കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് താമസം മാറിയത്.
അതേസമയം, ഹൈദരാബാദിൽ 14 വയസുള്ള ഒരു ആൺകുട്ടി അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 35-ാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. പഠന സമ്മർദ്ദം മൂലം തനിക്കുണ്ടായ മാനസിക പിരിമുറുക്കത്തെക്കുറിച്ച് കുട്ടി അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു. പിന്നാലെ ഇവളെ കാണാതായി. പിറ്റേന്ന് രാവിലെയാണ് അപ്പാർട്ട്മെന്റിന് സമീപം മൃതദേഹം കണ്ടെത്തിയത്. പഠന സമ്മർദ്ദമല്ലാതെ, ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ഘടകങ്ങളൊന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല.
കുട്ടിക്ക് ഓൺലൈൻ ഗെയിമിങ്ങുമായോ മറ്റേതെങ്കിലും വിഷയത്തോടോ ഉള്ള അടുപ്പത്തെ കുറിച്ച് തങ്ങളുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല - റായ്ദുർഗം ഇൻസ്പെക്ടർ എം മഹേഷ് പറഞ്ഞു. പരിശോധിക്കുമ്പോൾ പഠന സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് മനസിലാകുന്നതെന്ന് മദാപൂർ ഡിസിപി ജി സുന്ദീപും പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam