
ദില്ലി: രാജ്യസഭയിലെ കന്നിപ്രസംഗത്തിനിടെ ബിജെപി എംപി സി സദാനന്ദൻ കൃത്രിമ കാലുകൾ മേശയ്ക്ക് മുകളിൽവച്ച് പ്രദർശിപ്പിച്ചതിനെ ചൊല്ലി വിവാദം. തനിക്ക് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്തത് സിപിഎം ക്രൂരത കാരണമാണെന്ന് പറഞ്ഞ സി സദാനന്ദൻ ശബരിമല സ്വർണകൊള്ള കേസടക്കം സഭയിൽ ഉയർത്തി. പരാമർശത്തിനെതിരെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി. അക്രമ രാഷ്ട്രീയത്തിന് എതിരെ സന്ദേശം നൽകാൻ ആണ് താൻ ശ്രമിച്ചത് എന്നാണ് സദാനന്ദൻ പിന്നീട് പ്രതികരിച്ചത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ തുടക്കമിട്ടത് സി സദാനന്ദനാണ്. സി സദാനന്ദൻ പ്രസംഗിക്കുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള എംപി ഉജ്വൽ നിഗമാണ് കൃത്രിമ കാലുകളെടുത്ത് മേശയ്ക്ക് മുകളിൽ വച്ചത്. പിന്നാലെ ജോൺ ബ്രിട്ടാസ് ക്രമ പ്രശ്നം ഉന്നയിച്ചു. തുടർന്ന് സഭാ അധ്യക്ഷൻ കൃത്രിമ കാലുകൾ താഴേക്ക് വയ്ക്കാൻ നിർദേശിച്ചു.
ശബരിമല സ്വർണ കൊള്ളയടക്കം ഉയർത്തി കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചുള്ള പ്രസംഗത്തിന്റെ അവസാനമാണ് തനിക്ക് സഭയിൽ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ സാധിക്കാത്തത് സിപിഎം ക്രൂരത കാരണമാണെന്ന് സദാനന്ദൻ കുറ്റപ്പെടുത്തിയത്. പിന്നാലെ ഇടത് എംപിമാർ വൻ പ്രതിഷേധമുയർത്തി. സദാനന്ദൻ മാസ്റ്റർ കള്ളം പറയുകയാണെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. സദാനന്ദൻ കൃത്രിമ കാലുകൾ ഉപയോഗിക്കുന്നതിനും എതിരാണോ നിങ്ങളെന്ന് ബഹളത്തിനിടെ ജോൺ ബ്രിട്ടാസിനോട് സഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണൻ ചോദിച്ചു. സദാനന്ദനെതിരെയുള്ള ജോൺ ബ്രിട്ടാസിന്‍റെ പരാമർശം സഭാ രേഖകളിൽനിന്നും നീക്കണമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ആവശ്യപ്പെട്ടു. സദാനന്ദനെ കള്ളം പറയുന്നയാളെന്ന് വിളിച്ചത് പിൻവലിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ശബരിമല സ്വർണ കൊള്ളയെ സംബന്ധിച്ച് സദാനന്ദന്റെ പരാമർശങ്ങൾ നീക്കണമെന്ന് എ എ റഹീമും ആവശ്യപ്പെട്ടു.
ഒരാളും അക്രമ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണ് ഉദ്ദേശിച്ചതെന്ന് സദാനന്ദൻ മാസ്റ്റർ വ്യക്തമാക്കി. 200 സിപിഎംകാർ കൊല്ലപ്പെട്ടു എന്ന ജോൺ ബ്രിട്ടാസിൻ്റെ സഭയിലെ വാദത്തിന് മറുപടിയായി 300ലധികം സംഘ പ്രസ്ഥാനങ്ങളിൽ ഉളളവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam