
കൊൽക്കത്ത: ഹോട്ടൽ മുറിയിൽ 33കാരനായ ചാർട്ടേഡ് അക്കൗണ്ടന്‍റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. റൂമിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന പുരുഷനും സ്ത്രീയുമാണ് പിടിയിലായത്. കൊൽക്കത്തയിലെ കസ്ബ എന്ന സ്ഥലത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്.
കസ്ബയിലെ കോൺസുലേറ്റ് എന്ന ഹോട്ടലിൽ വെള്ളിയാഴ്ചയാണ് മൂന്ന് പേർ റൂമെടുത്തത്. ഓണ്‍ലൈൻ വഴിയാണ് റൂം ബുക്ക് ചെയ്തത്.മൂന്ന് പേരും രാത്രി 8.30നാണ് ഹോട്ടലിൽ എത്തിയത്. പുലർച്ചെ 1.30ഓടെ രണ്ടു പേർ ഹോട്ടലിൽ നിന്നു പോയി. ഇരുവരു തിരിച്ചുവന്നില്ല. മുറി വൃത്തിയാക്കാനായി ഹോട്ടൽ ജീവനക്കാരൻ പലതവണ വാതിലിൽ തട്ടിയിട്ടും തുറന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോൾ യുവാവ് തറയിൽ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഹോട്ടലിലെ അഞ്ചാം നിലയിലെ മുറിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടത്.
ബീർഭൂമിലെ ദുബ്‌രാജ്പൂർ സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടൻ്റുമായ ആദർശ് ലോസാൽകയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ആദർശിന്‍റെ കൂടെയുണ്ടായിരുന്നവരുടെ വിശദാംശങ്ങൾ തേടി. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇരുവരെയും വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കും ആദർശിനോട് എന്തെങ്കിലും ശത്രുതയുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആദർശിൻ്റെ മൂക്കിനരികെ രക്തമുണ്ടായിരുന്നു. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. കഴുത്ത് ഞെരിച്ചതിന്‍റെ പാടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. മരണത്തിന് മുമ്പ് ആദർശ് മദ്യപിച്ചിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറ്റിൽ മദ്യത്തിൻ്റെ അംശത്തോടൊപ്പം ഏകദേശം 200 ഗ്രാം അളവിൽ ഭക്ഷണവും ഉണ്ടായിരുന്നു. ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം.
വെള്ളിയാഴ്ച വൈകുന്നേരം ആദർശുമായി സംസാരിച്ചിരുന്നുവെന്നും അലിപൂരിലേക്ക് പോവുകയാണെന്നാണ് പറഞ്ഞതെന്നും അച്ഛൻ പറഞ്ഞു. കുറച്ചു വർഷങ്ങളായി മകൻ കൊൽക്കത്തയിലാണ് ജോലി ചെയ്തിരുന്നതെന്നും ശത്രുക്കൾ ഉള്ളതായി അറിവില്ലെന്നും അച്ഛൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam