പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

By Web TeamFirst Published Feb 4, 2020, 3:52 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മറുപടി നൽകും.

മറുപടി തയാറാക്കാൻ ചർച്ച തുടങ്ങിയതായാണ് സൂചന. ഗവർണറുടെ ഓഫീസ് എ.ജിയുടെ ഓഫീസുമായി ചർച്ച നടത്തി. ഗവർണ്ണർ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അയക്കും. പ്രാഥമിക റിപ്പോർട്ട് കിട്ടിയെന്നും ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഗവർണ്ണറുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. 

സംസ്ഥാനത്തിന്‍റെ നടപടിയോടുള്ള എതിര്‍പ്പ് രേഖാമൂലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടില്ല. വാക്കാൽ എതിര്‍പ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്.  സര്‍ക്കാര്‍ പക്ഷെ രേഖാമൂലം ഗവര്‍ണര്‍ക്ക് മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവർണറെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

click me!