
കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ഇടക്കാല ജാമ്യം. കൊൽക്കത്ത ഹൈക്കോടതി ആണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2007ൽ രജിസ്റ്റർ ചെയ്ത ആറ് ക്രിമിനൽ കേസുകളിലാണ് ഒക്ടോബർ 20 വരെ ജാമ്യം ലഭിച്ചത്. ഒക്ടോബർ 21ന് മിലൻ പ്രധാൻ വിചാരണ കോടതിക്ക് മുമ്പാകെ ഹാജരാകണമെന്ന് ജസ്റ്റിസ് തീർത്ഥാങ്കർ ഘോഷ് ഉത്തരവിട്ടു. ഒക്ടോബർ ആറിന് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മിലൻ പ്രധാന് ആശ്വാസമായി ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.
മിലൻ പ്രധാന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി പ്രതിഭാഗത്തിൻ്റെ വാദം അംഗീകരിച്ചു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് മിലൻ പ്രധാനെ കസ്റ്റഡിയിലെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2007ന് ശേഷം മിലൻ പ്രധാൻ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും സർക്കാരിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. 19 വർഷത്തോളം പഴക്കമുള്ള കേസുകളിലെ വാറണ്ടുകൾ നടപ്പാക്കാൻ പൊലീസിന് ധാരാളം സമയമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ആറ് കേസുകളിലും മിലൻ പ്രധാന് ജാമ്യം ലഭിച്ചതായി മിലൻ പ്രധാൻ്റെ അഭിഭാഷകൻ അഷ്ഫാക് അഹമ്മദ് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പുണ്ടായിട്ടും 19 വർഷം പഴക്കമുള്ള കേസാണിതെന്ന തങ്ങളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മിലൻ പ്രധാൻ പ്രചാരണം നടത്തുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അഭിഭാഷകൻ ആരോപിച്ചു. 19 വർഷം പഴക്കമുള്ള കേസിൽ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളാണെങ്കിലും മിലൻ പ്രധാനെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും അഷ്ഫാക് അഹമ്മദ് പറഞ്ഞു. സത്യമാണ് വിജയിച്ചതെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാർ പ്രതികരിച്ചു.
2007ൽ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മിലൻ പ്രധാനെതിരെ കേസെടുത്തിരുന്നത്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ, സെപ്റ്റംബർ 18നാണ് മിലൻ പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മിലൻ പ്രധാൻ ജയിലിലായതോടെ അദ്ദേഹത്തിന്റെ ഭാര്യ അർപ്പിത പ്രധാനാണ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച, നന്ദിഗ്രാമിൽ മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ച് ശുഭങ്കർ സർക്കാരിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രചാരണ റാലി നടത്തിയിരുന്നു.
ഒക്ടോബർ നാലിന് പരസ്യപ്രചാരണം അവസാനിക്കുന്നതിനാൽ മിലൻ പ്രധാന് നേരിട്ട് പ്രചാരണം നയിക്കാൻ ഒരാഴ്ചയിൽ താഴെ മാത്രമാണ് സമയം ലഭിക്കുക. ഒക്ടോബർ ഒൻപതിനാണ് വോട്ടെണ്ണൽ. ബംഗാൾ നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരി നന്ദിഗ്രാം അടക്കം രണ്ട് സീറ്റുകളിൽ വിജയിക്കുകയും പിന്നീട് നന്ദിഗ്രാമിൽ നിന്ന് രാജിവെക്കാൻ തീരുമാനിക്കുകയും ചെയ്തതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam