ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ഐഐടി ബോംബെ

By Web TeamFirst Published Jan 29, 2020, 2:57 PM IST
Highlights

ഹോസ്റ്റല്‍ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഗീതമോ പ്രഭാഷണമോ നാടകമോ പാടില്ലെന്നും മെയില്‍ നിര്‍ദ്ദേശിക്കുന്നു. മൊത്തം 15 നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. 

മുംബൈ: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐഐടി ബോംബെ. ഇന്നലെയാണ് സര്‍വ്വകലാശാലയിലെ സ്റ്റുഡന്‍റ് അഫയേഴ്സ് ചുമതലയുള്ള ഡീന്‍ മെയില്‍ ചെയ്തത്. എന്താണ് ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് വ്യക്തമാക്കാതെയാണ് ഇമെയില്‍ അയച്ചത്. പൗരത്വനിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ ബിജെപി ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്ന സാഹചര്യത്തിലാണ് ഇമെയില്‍ അയച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഹോസ്റ്റല്‍ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഗീതമോ പ്രഭാഷണമോ നാടകമോ പാടില്ലെന്നും മെയില്‍ നിര്‍ദ്ദേശിക്കുന്നു. മൊത്തം 15 നിര്‍ദ്ദേശങ്ങളാണ് മെയിലില്‍ മുന്നോട്ട് വയ്ക്കുന്നത്. 

ക്യാമ്പസിനുള്ളില്‍ ലഘുലേഖ വിതരണം ചെയ്യരുത്, പോസ്റ്റര്‍ ഒട്ടിക്കരുത് എന്നിങ്ങനെ നിര്‍ദ്ദേശിക്കുന്നുണ്ട്. ജനുവരി 28 മുതല്‍ ഇത് അനുസരിച്ച് മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തിനെതിരെയും പൗരത്വനിയമഭേദഗതിക്കും ദേശീയ പൗരത്വരജിസ്റ്ററിനും എതിരെയും ഐഐടി ബോംബെയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരുന്നു. 

click me!