കാഴ്ചശക്തി കുറഞ്ഞയാളെ കബളിപ്പിച്ച് മോഷണ സംഘം തട്ടിയത് 80000 രൂപ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

By Web TeamFirst Published Jan 29, 2020, 2:30 PM IST
Highlights

പണം പിൻവലിക്കാൻ കാഡുഗൊഡിയിലുള്ള കാനറ ബാങ്കിലെത്തിയതായിരുന്നു കൃഷ്ണ. ബാങ്കിൽ നിന്നും പുറത്തിറങ്ങിയ ഉടനെ മോഷണ സംഘത്തിലെ ഒരാൾ കൃഷ്ണയെ സമീപിക്കുകയും ഷർട്ടിന്റെ പിൻഭാഗത്ത് കാക്ക കാഷ്ഠിച്ചെന്നു പറയുകയും ചെയ്തു. 

ബെംഗളൂരു: നേത്ര ശസ്ത്രക്രിയക്ക് ചിലവായ തുക തിരിച്ചടക്കാൻ ബാങ്കിൽ നിന്ന് പണം പിൻവലിച്ചു വരുന്നതിനിടെ 59 കാരൻ കവർച്ചക്കിരയായി. കെആർ പുരത്തു താമസിക്കുന്ന കൃഷ്ണയാണ് (59) കവർച്ചക്കിരയായത്. വലത്തേ കണ്ണിനു കാഴ്ച്ചശക്തി കുറഞ്ഞ കൃഷ്ണ കറുത്ത കണ്ണട ധരിച്ചിരുന്നു. ബാങ്കിൽ നിന്നു പുറത്തിറങ്ങി വീട്ടിലേക്കു നടക്കുന്നതിനിടെയാണ് തട്ടിപ്പ് സംഘം ബാഗ് പിടിച്ചുപറിച്ച് കടന്നു കളഞ്ഞത്. ബാങ്കിൽ നിന്നു പിൻവലിച്ച 80000 രൂപ ബാഗിലുണ്ടായിരുന്നതായും കൃഷ്ണ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പണം പിൻവലിക്കാൻ കാഡുഗൊഡിയിലുള്ള കാനറ ബാങ്കിലെത്തിയതായിരുന്നു കൃഷ്ണ. ബാങ്കിൽ നിന്നും പുറത്തിറങ്ങിയ ഉടനെ മോഷണ സംഘത്തിലെ ഒരാൾ കൃഷ്ണയെ സമീപിക്കുകയും ഷർട്ടിന്റെ പിൻഭാഗത്ത് കാക്ക കാഷ്ഠിച്ചെന്നു പറയുകയും ചെയ്തു. താൻ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞ് കുറച്ചു ദൂരം കൂടി നടന്നപ്പോൾ മറ്റൊരാൾ ഷർട്ട് വൃത്തികേടായിട്ടുണ്ടെന്നു പറഞ്ഞ് ഒരു പേപ്പർ നൽകുകയും ചെയ്തു. ഇവർ സഹായിക്കാനെത്തിയവരാണെന്നാണ് കൃഷ്ണ കരുതിയത്.

ഇതിനിടെ ഷർട്ട് അഴിച്ചു നോക്കുന്നതിനായി ബാഗ് കാലുകൾക്കിടയിൽ വച്ച തക്കത്തിനു ഒരാൾ ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് കൃഷ്ണ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. കറുത്ത കണ്ണട ധരിച്ചതിനാൽ മോഷണ സംഘം കണ്ണിനു കാഴ്ച്ചയില്ലെന്നു മനസ്സിലാക്കിയിരിക്കാം. രണ്ടാഴ്ച്ച മുൻപാണ് വലതു കണ്ണിന്റെ കാഴ്ച്ച കുറഞ്ഞതിനാൽ ശസ്ത്രക്രിയക്കു വിധേയനായത്. കാഡുഗൊഡിയിൽ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും മൂന്നു മാസം മുൻപ് ഭാര്യ മരിച്ചുപോയെന്നും കൃഷ്ണ പൊലീസിനോട് പറഞ്ഞു.

ഒരു സുഹൃത്തിനോട് പലിശയ്ക്കു വാങ്ങിയ പണം കൊണ്ടാണ് ശസ്ത്രകിയ നടത്തിയത്. ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് തുക ബാങ്കിൽ ക്രെഡിറ്റ് ആയിട്ടുണ്ടെന്നറിയിച്ചതിനെ തുടർന്ന് അത് പിൻവലിച്ചു വരുന്നതിനിടെയാണ് പണം കവർന്നത്. ആ തുകകൊണ്ട് ശസ്ത്രക്രിയക്കു ചിലവായ പണം തിരിച്ചടക്കാമെന്നാണ് കരുതിയിരുന്നതെന്നും കൃഷ്ണ  കൂട്ടിച്ചേർത്തു.

കെ ആർ പുരം റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ് മാൻ ആണ് കൃഷ്ണ. സംഭവത്തിൽ കാഡുഗൊഡി പൊലീസ് കേസെടുത്തു. സമീപത്തുള്ള സിസിടിവികൾ പരിശോധിച്ചു വരികയാണെന്നും പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

click me!