ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കുമായി കാനഡ

By Web TeamFirst Published Apr 23, 2021, 10:30 AM IST
Highlights

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമെത്തുന്ന വിമാനയാത്രക്കാരില്‍ കൊവിഡ് കേസുകള്‍ അധികമാണ്. ഇതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ മുപ്പത് ദിവസത്തേക്ക് നിര്‍ത്തുകയാണെന്ന് കാനഡ

ഒട്ടാവ: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കുമായി കാനഡ. മുപ്പത് ദിവസത്തേക്കാണ് വിലക്ക്. ഇന്ത്യയിലും പാകിസ്ഥാനിലും കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര വിശദമാക്കി. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമെത്തുന്ന വിമാനയാത്രക്കാരില്‍ കൊവിഡ് കേസുകള്‍ അധികമാണ്. ഇതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ മുപ്പത് ദിവസത്തേക്ക് നിര്‍ത്തുകയാണെന്ന് ഒമര്‍ അല്‍ഗാബ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതൊരു താല്‍ക്കാലികമായ നടപടിയാണെന്നും മുന്‍പോട്ടുള്ള കാര്യങ്ങള്‍ തുടര്‍ന്നും സാഹചര്യങ്ങളെ വിലയിരുത്തിയ ശേഷമാവുമെന്നും ഒമര്‍ അല്‍ഗാബ്ര വ്യക്തമാക്കി. കാര്‍ഗോ വിമാനങ്ങള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്നും വാക്സിന്‍, പിപിഇ കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ രാജ്യത്തേക്ക് എത്തിക്കാന്‍ കാര്‍ഗോ സംവിധാനം അത്യാവശ്യമാണെന്നും ഒമര്‍ അല്‍ഗാബ്ര വിശദമാക്കി. രണ്ട് പ്രാവശ്യം ജനിതക മാറ്റം സംഭവിച്ച് കൊവിഡ് വൈറസാണ് ഇന്ത്യയിലെ സാഹചര്യം രൂക്ഷമാക്കുന്നതെന്നാണ് നിരീക്ഷണം. വ്യാഴാഴ്ച മാത്രം 300000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് അടുത്ത കാലത്ത് നടന്ന 20 ശതമാനത്തോളം വിമാനയാത്രകള്‍ കാനഡയിലേക്കാണ് നടന്നിട്ടുള്ളത്. ഇതില്‍ പകുതിയിലധികം പേര്‍ രാജ്യത്ത് എത്തുന്നതോടെ കൊവിഡ് പോസിറ്റീവ് ആകുന്നു. ഇത് കാനഡയിലെ സാഹചര്യം രൂക്ഷമാക്കുന്നുവെന്നും ഒമര്‍ അല്‍ഗാബ്ര വിശദമാക്കി.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ദില്ലിയില്‍ നിന്നും കാനഡയിലേക്ക് എത്തിയ 18 വിമാനങ്ങളില്‍  ഓരോന്നിലും ഒരു കൊവിഡ് രോഗിയുണ്ടായിരുന്നുവെന്നാണ് കാനഡയിലെ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ബ്രിട്ടനിലേക്കുള്ള വിമാനങ്ങള്‍ കാനഡ വിലക്കിയിരുന്നു. അവശ്യസാധനങ്ങളുമായി എത്തുന്നതല്ലാത്ത വിമാനങ്ങള്‍ വിലക്കണമെന്ന് കാനേഡിയന്‍ പാര്‍ലമെന്‍റിലും ആവശ്യമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം കാനഡയിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നപടികളിലേക്ക് കടക്കുന്നത്. 
 

 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!