UP Election 2022 : ധ്രുവീകരണ രാഷ്ട്രീയത്തിനില്ല, ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആർഎൽഡി

By Web TeamFirst Published Jan 28, 2022, 10:53 AM IST
Highlights

ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ ജനം വെറുക്കുകയാണെന്നും ക‍ർഷകരോഷം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാവുമെന്നും അമിത് ഷാ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആർ എൽ ഡി അധ്യക്ഷൻ ജയന്ത് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് ആർഎൽഡി നേതാവ് ജയന്ത് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ ജനം വെറുക്കുകയാണെന്നും ക‍ർഷകരോഷം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാവുമെന്നും അമിത് ഷാ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആർ എൽ ഡി അധ്യക്ഷൻ ജയന്ത് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ  സമാജ് വാദി - ആർഎൽഡി സഖ്യം വൻ വിജയം നേടും. ജാട്ടുകളും മുസ്ലീങ്ങളും മാത്രമല്ല എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഞങ്ങൾക്കുണ്ട്. സ്ഥാനാർത്ഥി പട്ടികക്കെതിരായ പ്രതിഷേധം താൽക്കാലികം മാത്രമാണെന്നും ജയന്ത് ചൗധരി പറഞ്ഞു. 

ലഖിംപൂ‍ർഖേരി സംഭവം വ‍ലിയ അരക്ഷിതാവസ്ഥയാണ് ക‍ർഷകരിൽ ഉണ്ടാക്കിയത്. ഒരു ജനാധിപത്യ രാജ്യത്ത് ക‍ർഷകരെ ഇങ്ങനെയാണോ പരിഗണിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും. പറ്റ്നയിലും അഹമ്മ​ദാബാദിലുമുണ്ടായ പ്രക്ഷോഭങ്ങൾ ഈ രാജ്യം കാണുന്നുണ്ട്. യോ​ഗിയുടെ ഭരണത്തിൽ യുപിയിലെ ജനങ്ങൾ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നത്. ജനങ്ങളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ ബിജെപിയുമായി ഒരു സഖ്യത്തിന് ആർഎൽഡി ഇല്ലെന്നും ജയന്ത് യാദവ് പറഞ്ഞു.  

ആ‍ർഎൽഡി സഖ്യത്തിലൂടെ തെരഞ്ഞെടുപ്പിൽ ജാട്ട് - മുസ്ലീം ഐക്യം രൂപപ്പെടുത്താനാവും എന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കൊപ്പം ഉറച്ചു നിന്ന ജാട്ട് വിഭാ​ഗം ക‍ർഷക സമരത്തോടെയാണ് ബിജെപിയിൽ നിന്നും അകന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം അമിത്ഷാ ജാട്ട് നേതാക്കളെ ദില്ലിയിലേക്ക് ക്ഷണിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

ച‍ർച്ചയ്ക്കിടെ ബിജെപിയും ജാട്ടുകളുമാണ് മു​ഗളൻമാരെ ഏറ്റവും ശക്തമായി പ്രതിരോധിച്ചത് എന്ന് അമിത് ഷാ പറയുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ ക‍ർഷക നേതാക്കൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ തെരഞ്ഞെടുപ്പിനായി മുൻപായിനടപ്പാക്കണമെന്ന് യുപി, ഹരിയാന  മുഖ്യമന്ത്രിമാ‍ർക്ക് ബിജെപി നിർദേശം നൽകിയെന്ന വിവരവും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. 
 

tags
click me!