
ജോധ്പൂർ: ഒട്ടകവും കാറും കൂട്ടിയിടിച്ച് അപകടം. രാജസ്ഥാനിലെ ജോധ്പൂരിൽ റോഡിലൂടെ സഞ്ചരിച്ച ഒട്ടകവും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഫലോദി-ഡെച്ചു റോഡിൽ കോലു പാബുജിക്ക് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്‍റെ ഡ്രൈവർക്കും ഒട്ടകത്തിനും പരിക്കേറ്റു.
അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ ഒട്ടകത്തിന്‍റെ തലയും ശരീരത്തിന്‍റെ മുകൾ ഭാഗവും പുറത്തേക്ക് നീണ്ടുനിൽക്കുന്നതും, ഒട്ടകം രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റോഡിലേക്ക് പെട്ടെന്ന് ഒരു ഒട്ടകം കയറി വന്നപ്പോൾ ബ്രേക്ക് ചവിട്ടാൻ ഡ്രൈവർക്ക് കഴിഞ്ഞില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ജോധ്പൂർ നിവാസിയായ രാംസിംഗ് ഓടിച്ച കാറാണ് ഒട്ടകവുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ബമ്പർ, ബോണറ്റ്, വിൻഡ്ഷീൽഡ് എന്നിവ പൂർണ്ണമായും തകർന്നു. കൂട്ടിയിടിയുടെ ശക്തിയിൽ കാറിന്‍റെ മുൻവശത്തെ ഗ്ലാസും റൂഫും തകർന്നതോടെയാണ് ഒട്ടകം കാറിനുള്ളിൽ കുടുങ്ങിയത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സക്കായി അദ്ദേഹത്തെ ജോധ്പുരിലേക്ക് മാറ്റി. രാംസിംഗിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഒട്ടകം ഏകദേശം രണ്ട് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. പിന്നീട് നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെയാണ് ഒട്ടകത്തെ പുറത്തെടുത്തത്. കാർ വെട്ടിപ്പൊളിച്ച് ഒട്ടകത്തെ സുരക്ഷിതമായി പുറത്തെടുക്കാൻ ജെസിബി ഉൾപ്പെടെ ഉപയോഗിക്കേണ്ടി വന്നു. ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഒട്ടകം, കാറിൽ നിന്ന് പുറത്തെത്തിച്ച ഉടൻ തന്നെ ഓടിപ്പോകുകയും ചെയ്തു.