
ശ്രീനഗർ: ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം സിആർപിഎഫ് ബസിൽ തീപിടിച്ച കാർ വന്നിടിച്ച സംഭവത്തിൽ ഡ്രൈവറെ കാണാനില്ല. ഇടിച്ച കാറിൽ ഡ്രൈവറുണ്ടായിരുന്നില്ലെന്നാണ് നിഗമനം. കാർ പൂർണ്ണമായും കത്തിനശിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകൾ പലത് പിന്നിട്ടിട്ടും കാറിനെ കുറിച്ചുളള വിശദാംശങ്ങൾ സൈന്യത്തിന് കണ്ടെത്താനായിട്ടില്ല.
ബനിഹാലിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ജവഹർലാൽ ടണലിനടുത്താണ് സംഭവം നടന്നത്. തീപിടിച്ച് കത്തിക്കൊണ്ടിരുന്ന കാർ നേരെ വന്ന് സിആർപിഎഫ് ബസിൽ ഇടിച്ചു. പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. കാശ്മീർ ഭാഗത്ത് നിന്നാണ് കാർ വന്നത്. ഹ്യുണ്ടായ് സാൻട്രോ കാറാണ് ഇത്.
എന്നാൽ സംഭവം ഭീകരവാദ ആക്രമണമാണോയെന്ന് ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. തകർന്ന കാറിൽ നിന്ന് സ്ഫോടക വസ്തുക്കളായ ഐഇഡി, ഡിറ്റണേറ്റർ എന്നിവ കണ്ടെത്തി. ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഭീകരവാദ ആക്രമണമാണോയെന്ന സംശയങ്ങളുയർത്തിയത്. താൻ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനാണെന്നും 1947 മുതൽ കാശ്മീരികളോട് തുടർന്നുവരുന്ന അക്രമത്തിന് പകരം ചോദിക്കാനാണ് ആക്രമണം എന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി നാലിന് സിആർപിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തിയിരുന്നു. ചാവേറിനെ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് സംഘത്തിന്റെ ബസിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇത് പിന്നീട് ഇന്ത്യ-പാക് സംഘർഷത്തിലേക്ക് വരെ കാര്യങ്ങളെ എത്തിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam