
ദില്ലി: വിഭജന കാലത്ത് കുടുംബം എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് വിദ്യാർത്ഥികളോട് ചോദിച്ച അധ്യാപികയ്ക്ക് എതിരെ കേസ്. ദില്ലിയിലെ ഗാന്ധിനഗറിലെ സർവോദയ ബാല വിദ്യാലയയിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് കേസ്. നാല് വിദ്യാർത്ഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
"വിഭജന സമയത്ത് നിങ്ങൾ പാകിസ്ഥാനിലേക്ക് പോയില്ല. നിങ്ങൾ ഇന്ത്യയിൽ താമസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഒരു സംഭാവനയും നല്‍കിയില്ല" എന്ന് അധ്യാപിക പറഞ്ഞെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നത്. ബുധനാഴ്ചയാണ് അധ്യാപിക ഈ പരാമര്‍ശം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഒന്‍പതാം ക്ലാസിലെ നാല് വിദ്യാർത്ഥികൾ പരാതി നല്‍കിയത്.
മതവിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലും അധ്യാപിക സംസാരിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരാതി പരിശോധിച്ചുവരികയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന അധ്യാപികയെ പിരിച്ചുവിടണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
എഎപി എംഎല്‍എ അനിൽ കുമാർ ബാജ്‌പേയ് അധ്യാപികയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഇത് തീർത്തും തെറ്റാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നതാണ് അധ്യാപകരുടെ ഉത്തരവാദിത്തം. മതവിശ്വാസങ്ങള്‍ക്കെതിരെ അധ്യാപകർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുത്. അത്തരക്കാരെ അറസ്റ്റ് ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാർത്ഥിയെ സഹപാഠികൾ തല്ലുന്ന ദൃശ്യമാണ് പുറത്തുവന്നത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ സഹപാഠികള്‍ തല്ലിയെന്നാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ കടുപ്പത്തില്‍ വീണ്ടും വീണ്ടും അടിക്കാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചു. ഒരു മണിക്കൂറോളം ക്രൂരത നേരിടേണ്ടി വന്നെന്നും കുട്ടി മൊഴി നല്‍കി.
എന്നാല്‍ സംഭവത്തിൽ വർഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതാണെന്നും അധ്യാപിക പറഞ്ഞു. താൻ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു. അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി സംഭവം നടന്ന നേഹ പബ്ലിക് സ്കൂള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
വീഡിയോ സ്റ്റോറി കാണാം