
ഹൈദരാബാദ്: ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തു. ഏപ്രിൽ 17-ന് രാമനവമി ഘോഷയാത്രയ്ക്കിടെ വഴിയിലെ പള്ളിക്ക് നേരെ അമ്പെയ്യുന്ന തരത്തിൽ മാധവി ലത ആംഗ്യം കാണിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിലാണ് മാധവി ലതയ്ക്ക് എതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് റാലിക്കിടെ സാങ്കൽപ്പികമായി അമ്പ് വരയ്ക്കുകയും എയ്യുകയും ചെയ്യുന്നതായായിരുന്നു സ്ഥാനാർത്ഥിയുടെ ആംഗ്യം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പരന്നതോടെ മാധവി ലതക്കെതിരെ വിമർശനം കടുത്തിരുന്നു. സംഭവം വിവാദമായതോടെ മാധവി ലത സമുഹമാധ്യമത്തിലൂട മാപ്പപേക്ഷ നടത്തിയിരുന്നു. ആരുടേയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് അവർ വ്യക്തമാക്കിയത്.